ടെസ്റ്റും വെട്ടിച്ചുരുക്കാൻ ഐസിസി; ഇനി നാല് ദിനം

ചെറിയ ടീമുകള്‍ക്കും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കൂടുതല്‍ അവരസമൊരുക്കാനും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ക്ക് വഴി തുറക്കാനുമാണ് ഐസിസി നിര്‍ണായക തീരുമാനം എടുക്കുന്നത്.

അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റുകൾക്ക് പകരം ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങൾക്ക് പ്രാധാന്യം നൽകാനൊരുങ്ങി ഐസിസി. 2027-2029 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളിലാകും ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ ഐസിസി അവതരിപ്പിക്കുക. ചെറിയ ടീമുകള്‍ക്കും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കൂടുതല്‍ അവരസമൊരുക്കാനും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ക്ക് വഴി തുറക്കാനുമാണ് ഐസിസി നിര്‍ണായക തീരുമാനം എടുക്കുന്നത്.

ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തോടെ ആരംഭിച്ച 2025-2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളില്‍ ആകെ 27 ടെസ്റ്റ് പരമ്പരകളാണുള്ളത്. ഇതില്‍ 17 പരമ്പരയും രണ്ട് ടെസ്റ്റുകളടങ്ങിയ ചെറിയ പരമ്പരകളാണ്. ആറ് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയും മൂന്ന് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് ബാക്കിയുള്ളവ.

അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങള്‍ നടത്താനുള്ള ചിലവും സമയവും കണക്കിലെടുത്ത് കൂടിയാണ് ഈ തീരുമാനം. ലോങ്ങ് ഫോർമാറ്റ് ക്രിക്കറ്റിനോടുള്ള ആരാധകരുടെ ഇഷ്ടം കുറയുന്നത് മറ്റൊരു കാരണമാണ്.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ പ്രധാന ടീമുകൾക്കൊഴികെ മറ്റ് ടീമുകള്‍ക്കൊന്നും കാര്യമായി ടെസ്റ്റ് പരമ്പരകള്‍ ഇല്ലാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ചതുർദിന ടെസ്റ്റുകളിലൂടെ അതും മറികടക്കാമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.

Content Highlights: The ICC plans to sanction four-day Tests

To advertise here,contact us