ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2025ന്റെ ഫൈനൽ കളിക്കേണ്ട ടീമുകളിലൊന്ന് ശ്രീലങ്കയായിരുന്നുവെന്ന് ടീം ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ. 'ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ശ്രീലങ്കയ്ക്ക് വലിയ അവസരമുണ്ടായിരുന്നു. നിർഭാഗ്യവശാൽ ലങ്കയ്ക്ക് ഫൈനൽ കളിക്കാൻ സാധിച്ചില്ല. ഇന്നലെയും കൂടി ഞാൻ സഹതാരങ്ങളുമായി സംസാരിച്ചു. നമ്മൾ ഫൈനൽ കളിക്കേണ്ടതായിരുന്നു. എന്നാൽ എവിടെയാണ് നമ്മുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് സീസൺ അവസാനിച്ചത്. ഇപ്പോൾ പുതിയൊരു സീസൺ ആരംഭിക്കുകയാണ്. സ്വന്തം മണ്ണിലാണ് ശ്രീലങ്കയുടെ മത്സരങ്ങൾ ആരംഭിക്കുന്നത്. വിജയത്തോടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് പുതിയ പതിപ്പിന് തുടക്കം കുറിക്കാൻ കഴിയണം.' ധനഞ്ജയ ഡി സിൽവ പ്രതികരിച്ചതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു.
നാളെ ആരംഭിക്കുന്ന ശ്രീലങ്ക-ബംഗ്ലാദേശ് പരമ്പരയോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകും. കൊളംബോയിലെ ഗാലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ശ്രീലങ്ക-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നാളെ ആരംഭിക്കുന്ന മത്സരത്തിൽ സൂപ്പർതാരം ഏയ്ഞ്ചലോ മാത്യൂസ് അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി കളത്തിലെത്തും. വിജയത്തോടെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനാവും മാത്യൂസിന്റെ ശ്രമം. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും ബംഗ്ലാദേശ് ശ്രീലങ്കയിൽ കളിക്കും.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീം: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), പത്തും നിസങ്ക, ഒഷാഡാ ഡി സിൽവ, ഏയ്ഞ്ചലോ മാത്യൂസ്, പസിൻഡു സൂര്യബന്ദ്ര, പവൻ രതനായകെ, ലഹിരു ഉഡാര, ദിനേശ് ചണ്ഡിമാൽ, കുശൽ മെൻഡിസ്, കാമിൻഡു മെൻഡിസ്, സോനാൽ ദിനൂഷ, തരിൻഡു രതനായ്കെ, പ്രഭത് ജയസൂര്യ, അഖില ധനഞ്ജയ, മിലൻ രതനായ്കെ, അസിത ഫെർണാണ്ടോ, കസുൻ രജിത, ഇസിത വിജേസുന്ദര.
Content Highlights: Sri Lanka Missed Big Chance To Feature In WTC Final: Dhananjaya De Silva