ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ കിരീടം. 27 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രോട്ടീസ് ടീമിന് ഒരു ഐസിസി ട്രോഫി ലഭിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച എയ്ഡൻ മാർക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റൻ ടെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം.
വിജയത്തിൽ നിർണായക ഇന്നിങ്സ് പുറത്തെടുത്തതിന് പിന്നാലെ മാർക്രത്തെ കുറിച്ച് ഇന്ത്യൻ താരം വിരാട് കോഹ്ലി മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിരാട് കോഹ്ലി എയ്ഡന്‍ മാര്‍ക്രമിനെക്കുറിച്ച് പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. 'എയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിങ് കാണാന്‍ തന്നെ എന്തൊരു അഴകാണ്!', എന്നായിരുന്നു അന്ന് കോഹ്ലി കുറിച്ചത്.
207 പന്തുകള്‍ നേരിട്ട മാര്‍ക്രം 136 റണ്‍സെടുത്ത് ടീം വിജയത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുറത്തായത്. ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ കൂറ്റനടിക്ക് ശ്രമിച്ച മാര്‍ക്രത്തിന് പിഴയ്ക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഒരു ദക്ഷിണാഫ്രിക്കൻ താരം സ്വന്തമാക്കുന്ന ആദ്യ സെഞ്ച്വറിയാണ് ലോർഡ്സിൽ മാർക്രം കുറിച്ചത്.
Content Highlights: Virat Kohli's Old Tweet Goes Viral After Aiden Markram's WTC Final Brilliance