'അയാൾ ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറാകും'; ദക്ഷിണാഫ്രിക്കൻ താരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

'ശാന്ത സ്വഭാവക്കാരനാണെങ്കിലും അവൻറെ ഉള്ളിൽ ഒരു ആക്രമണോത്സുക ക്രിക്കറ്റ് താരമുണ്ട്'

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർകോ യാൻസനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. യാൻസൻ ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാകുമെന്ന് പോണ്ടിങ് പറഞ്ഞു. 'യാൻസൻ തികച്ചും ശാന്തനായ ബൗളറാണ്. ബൗളിങ് നല്ലതാണെങ്കിലും മോശമാണെങ്കിലും യാൻസൻ ശാന്തനായി തുടരുന്നു,' ‌പോണ്ടിങ് ചൂണ്ടിക്കാട്ടി.

'ശാന്ത സ്വഭാവക്കാരനാണെങ്കിലും യാൻസന്റെ ഉള്ളിൽ ഒരു ആക്രമണോത്സുക ക്രിക്കറ്റ് താരമുണ്ട്. കളിക്കളത്തിൽ ഇറങ്ങിയാൽ പിന്നെ യാൻസന്റെ കളി തുടങ്ങും. അടുത്ത രണ്ട് വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി യാൻസൻ മാറും. യാൻസനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരമൊരു മികച്ച താരത്തെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ കണ്ടിട്ടില്ല.' ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് വേദിയിൽ ഐസിസി ഡിജിറ്റലിനോട് പോണ്ടിങ് പ്രതികരിച്ചു.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിലാണ് യാൻസും പോണ്ടിങ്ങും ഒരുമിച്ച് പ്രവർത്തിച്ചത്. പഞ്ചാബ് കിങ്സിന്റെ മുഖ്യപരിശീലകനായിരുന്നു റിക്കി പോണ്ടിങ്. ഇടംകയ്യൻ പേസറായ യാൻസൻ ഈ വ‍ർഷമാണ് പഞ്ചാബ് കിങ്സിലെത്തിയത്. മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയും താരം ഐപിഎൽ കളിച്ചിട്ടുണ്ട്.

Content Highlights: Ricky Ponting's Massive Praise For Marco Jansen

To advertise here,contact us