IPL കിരീട നേട്ടത്തിന് പിന്നാലെ ആർസിബിയിലെ ഓഹരികൾ വിൽക്കാനൊരുങ്ങി മദ്യകമ്പനി; ലക്ഷ്യം 17,000 കോടി രൂപ

11.1കോടി ഡോളറിനാണ്‌ മല്യ ആര്‍സിബിയെ അന്ന് സ്വന്തമാക്കിയിരുന്നത്

ഐപിഎല്‍ 2025 സീസൺ ജേതാക്കളായതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ. ടീമിന്‍റെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ.

ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2 ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 17,000 കോടി രൂപ) ആണ് ഓഹരിമൂല്യമായി കമ്പനി തേടുന്നത്. ക്ലബ്ബിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുമോ എന്ന കാര്യത്തില്‍ പക്ഷെ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം ഐപിഎല്ലില്‍ പുകയില, മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് മദ്യ കമ്പനിയുടെ ഈ നീക്കമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുടെ ഫ്രാഞ്ചൈസി എന്ന നിലയിൽ കിരീടം നേടിയതിന് ശേഷം ആർസിബിയുടെ ഓഹരി മൂല്യം കുത്തനെ ഉയർന്നിരുന്നു. ഇത് ലാഭമാക്കി മാറ്റാനാണ് ശ്രമമെന്നും ചില സ്റ്റോക്ക് എക്സ്ചേഞ്ച് ഏജൻസികൾ പറയുന്നു.

പ്രഥമ സീസണില്‍ മദ്യ വ്യവസായി വിജയ് മല്യയാണ് ടീമിനെ സ്വന്തമാക്കിയിരുന്നത്. 11.1 കോടി ഡോളറിനാണ്‌ മല്യ ആര്‍സിബിയെ സ്വന്തമാക്കുന്നത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളിലെത്തിച്ചു. പിന്നീട് 18 വർഷം കൊണ്ട് ടീമിന്‍റെ മൂല്യം ബില്യൺ ഡോളറുകളും കടന്നു.

Content Highlights:  RCB Up For Sale? Diageo Wants To Sell Its Share In Royal Challengers Bengaluru

To advertise here,contact us