അവസാന വിക്കറ്റിൽ ഇം​ഗ്ലണ്ട് ശരിക്കും ലയൺസായി; ആദ്യ ഇന്നിങ്സിൽ ഇന്ത്യ എയ്ക്ക് 21 റൺസ് ലീഡ്

ഇന്ത്യ എയ്ക്കായി ഖലീൽ അഹമ്മദ് നാല് വിക്കറ്റുകൾ വീഴ്ത്തി

ഇം​ഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എയ്ക്ക് 21 റൺസ് ലീഡ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്സ് ടോട്ടലായ 348ന് മറുപടി നൽകിയ ഇം​ഗ്ലണ്ട് ലയൺസ് 327 റൺസിൽ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ എട്ടിന് 243 എന്ന സ്കോറിലേക്ക് തകർന്ന ഇം​ഗ്ലണ്ട് ലയൺസിനെ അവസാന രണ്ട് വിക്കറ്റുകളിലെ പോരാട്ടമാണ് 327 എന്ന സ്കോറിലെത്തിച്ചത്.

നേരത്തെ മൂന്നിന് 192 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട് ലയൺസ് മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 219ൽ നിൽക്കെയാണ് ഇം​ഗ്ലണ്ട് ലയൺസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 45 റൺസെടുത്ത ജോർദാൻ കോക്സിനെ പുറത്താക്കി ഖലീൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ 229 റൺസിലെത്തിയപ്പോഴേയ്ക്കും ഇം​ഗ്ലണ്ട് ലയൺസിന് ഏഴ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകളും ഖലീൽ അഹമ്മദാണ് വീഴ്ത്തിയത്.

ഒമ്പതാമനായി ക്രീസിലെത്തിയ ഫർഹാൻ അഹമ്മദ് 24 റൺസും ജോഷ് ടങ് പുറത്താകാതെ 36 റൺസും എഡി ജാക് 16 റൺസുമെടുത്ത് അവസാന വിക്കറ്റുകളിൽ നിർണായക സംഭാവനകൾ നൽകി. ഒമ്പതാം വിക്കറ്റിൽ ഫർഹാൻ അഹമ്മദ്-ജോഷ് ടങ് സഖ്യം 36 റൺസ് കൂട്ടിച്ചേർത്തപ്പോൾ 10-ാം വിക്കറ്റിൽ ജോഷ് ടങ്-എഡി ജാക് സഖ്യം 48 റൺസും കൂട്ടിച്ചേർത്തു. 47 എക്സ്ട്രാ റൺസ് വിട്ടുനൽകിയ ഇന്ത്യ എ ബൗളർമാരും ഇം​ഗ്ലണ്ട് സ്കോർ ഉയർത്തുന്നതിൽ നിർണായകമായി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ 348 റൺസിൽ എല്ലാവരും പുറത്തായിരുന്നു. 116 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ. ധ്രുവ് ജുറേൽ 52 റൺസും കരുൺ നായർ 40 റൺസുമെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: Khaleel Ahmed Shines With Ball, India A clinched crucial lead

To advertise here,contact us