KCA-NSK ട്വന്റി 20; എറണാകുളം ചാംപ്യന്മാര്‍, കലാശപ്പോരില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട്സിനെ തകര്‍ത്തു

മറുപടി ബാറ്റിങ്ങിൽ കെ ആർ രോഹിതിൻ്റെ ഇന്നിങ്സാണ് എറണാകുളത്തിന്റെ വിജയം അനായാസമാക്കിയത്

കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻഎസ്കെ ട്വൻ്റി 20 ചാംപ്യൻഷിപ്പിൽ എറണാകുളം ജേതാക്കളായി. കലാശപ്പോരിൽ കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ഒൻപത് വിക്കറ്റിന് തകർത്താണ് എറണാകുളം കിരീടത്തിൽ മുത്തമിട്ടത്. മഴയെ തുടർന്ന് വിജെഡി നിയമപ്രകാരം വിജയികളെ നിശ്ചയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കംബൈൻഡ് ഡിസ്ട്രിക്ട്സ് 19.2 ഓവറിൽ ആറ് വിക്കറ്റിന് 125 റൺസെടുത്ത് നിൽക്കെ മത്സരം തടസ്സപ്പെടുത്തി മഴയെത്തുകയായിരുന്നു. പിന്നാലെ എറണാകുളത്തിൻ്റെ വിജയലക്ഷ്യം അഞ്ച് ഓവറിൽ 44 റൺസായി പുതുക്കി നിശ്ചയിച്ചു. 2.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ എറണാകുളം ലക്ഷ്യത്തിലെത്തുകയും വിജയം സ്വന്തമാക്കുകയും ചെയ്തു.

ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് കംബൈൻഡ് ഡിസ്ട്രിക്ട്സ് ആദ്യം ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. 14 പന്തുകളിൽ 26 റൺസ് നേടി ഓപണർ വിനൂപ് മനോഹരൻ കംബൈൻഡ് ഡിസ്ട്രിക്ട്സിന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് ക്രീസിലെത്തിയവർക്ക് മികച്ച രീതിയിൽ ബാറ്റുവീശാൻ സാധിച്ചില്ല. എറണാകുളത്തിൻ്റെ ബൗളിങ്ങിന് മുന്നിൽ കംബൈൻഡ് ഡിസ്ട്രിക്ട്സ് മുട്ടുമടക്കുകയായിരുന്നു.

34 പന്തുകളിൽ 33 റൺസെടുത്ത ക്യാപ്റ്റൻ രോഹൻ നായരാണ് കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ ടോപ് സ്കോറർ. മാനവ് കൃഷ്ണ 20 റൺസും എബി ബിജു 17 റൺസും സഞ്ജീവ് സതീശൻ ഏഴ് പന്തുകളിൽ 14 റൺസുമെടുത്തു. എറണാകുളത്തിന് വേണ്ടി ആസിഫ് സലിം, വി അജിത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത കെ ആർ രോഹിതിൻ്റെ ഇന്നിങ്സാണ് എറണാകുളത്തിന്റെ വിജയം അനായാസമാക്കിയത്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ എറണാകുളം വിജയത്തിലെത്തി. പത്ത് പന്തുകളിൽ 39 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. അഞ്ച് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു രോഹിതിൻ്റെ ഇന്നിങ്സ്. രോഹിത് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്.

പല മത്സരങ്ങളിലും നിർണ്ണായക ഇന്നിങ്സുമായി കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ ഫൈനൽ പ്രവേശനത്തിൻ നിർണ്ണായക പങ്കു വഹിച്ച പതിനാറുകാരൻ ബാറ്റർ മാനവ് കൃഷ്ണയാണ് ടൂർണ്ണമെൻ്റിലെ പ്രോമിസിങ് യങ്സ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്തിൻ്റെ അഭിഷേക് ജെ നായർ ടൂർണ്ണമെൻ്റിലെ മികച്ച ബാറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്തിൻ്റെ വി അജിത്താണ് മികച്ച ബൗളർ. പല മത്സരങ്ങളിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ തിളങ്ങിയ തൃശൂരിൻ്റെ എൻ എം ഷറഫുദ്ദീനാണ് പരമ്പരയുടെ താരം.

Content Highlights: KCA NSK trophy Ernakulam Champions

To advertise here,contact us