സിക്സറടിച്ച പന്തുകൊണ്ട് സ്റ്റേഡിയത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ആഡംബര കാറിന്റെ ഗ്ലാസ് തകർന്നു. ലണ്ടനിൽ ഇംഗ്ലണ്ട് കൗണ്ടി ടീമുകള്‍ തമ്മിലുള്ള വൈറ്റാലിറ്റി ബ്ലാസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനിടെയായിരുന്നു സംഭവം. റിവർസൈഡ് ഗ്രൗണ്ടിൽ ഡർഹാമും ലങ്കാഷെയറും തമ്മിലുള്ള മത്സരമാണ് അരങ്ങേറിയത്.
You can't park there 🚗 pic.twitter.com/pjqE9EBOSd
മത്സരത്തിനിടെ ലങ്കാഷെയർ താരം മൈക്കൽ ജോൺസ് അടിച്ച കൂറ്റൻ സിക്സ് സ്റ്റേഡിയത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന മെഴ്സിഡസ് കാറിന്റെ പിൻവശത്തെ ചില്ല് തകർക്കുകയായിരുന്നു. കൂറ്റൻ സിക്സർ ആരാധകരെയും കമന്റേറ്റർമാരെയും ഒരുപോലെ ത്രസിപ്പിച്ചിരുന്നു. പന്ത് കാറിനകത്തേക്ക് പോയിട്ടുണ്ട്, ആ വെളുത്ത മെഴ്സിഡസിന്റെ ഉടമ ദയവായി ഞങ്ങൾക്ക് പന്ത് തിരികെ തരുമോ?", എന്നായിരുന്നു കമന്റേറ്റർമാർ രസകരമായി പറഞ്ഞത്. കൂറ്റൻ സിക്സറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
മത്സരത്തില്‍ ലങ്കാഷെയറിന് വിജയിക്കാൻ 29 പന്തില്‍ 44 റണ്‍സ് വേണ്ട സാഹചര്യത്തിലാണ് മൈക്കൽ ജോണ്‍സിന്റെ കൂറ്റന്‍ സിക്സര്‍ പിറക്കുന്നത്. സ്പിന്നര്‍ നഥാന്‍ സോവ്ടേഴ്സിനെയാണ് ജോൺസ് സിക്സ് പറത്തിയത്. ജോണ്‍സ് മത്സരത്തില്‍ 39 പന്തില്‍ 55 റണ്‍സ് അടിച്ചു. മത്സരത്തിൽ ലങ്കാഷെയര്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights: Car rear window smashed by six during Durham vs Lancashire, Video Goes Viral