ഇംഗ്ലണ്ടിൽ ലിവർപൂൾ ആന്റ് ക്രിക്കറ്റ് കോമ്പറ്റീഷനിൽ സെഞ്ച്വറി നേട്ടവുമായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് മധ്യനിര ബാറ്ററുമായ അശുതോഷ് ശർമ. ലിവർപൂൾ ആന്റ് ക്രിക്കറ്റ് കോമ്പറ്റീഷനിൽ വിഗൻ ക്രിക്കറ്റ് ക്ലബിന്റെ താരമായാണ് അശുതോഷ് കളിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രീമിയർ ലീഗ് രീതിയിലുള്ള ടൂർണമെന്റാണിത്.
Welcome to Wigan Ashutosh!! https://t.co/Wbdyk2QcEQ
ഫോംബി എഫ് സിക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിഗൻ ക്രിക്കറ്റ് ക്ലബ് ഒരു ഘട്ടത്തിൽ മൂന്നിന് 17 എന്ന നിലയിൽ തകർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അശുതോഷ് ക്രീസിലേക്കെത്തുന്നത്. ഓപണിങ് ബാറ്റർ അവീൻ ദാലുഗോഡയുമായി ചേർന്ന് നാലാം വിക്കറ്റിൽ അശുതോഷ് 153 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
73 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം 100 റൺസാണ് അശുതോഷ് നേടിയത്. അവീൻ ദാലുഗോഡ 86 റൺസും നേടി. 35-ാം ഓവറിലെ രണ്ടാം പന്തിൽ അശുതോഷ് പുറത്തായതിന് പിന്നാലെ വിഗൻ സി സി വീണ്ടും ബാറ്റിങ് തകർച്ച നേരിട്ടു. 51.2 ഓവറിൽ 241 റൺസിൽ വിഗൻ സി സിയുടെ എല്ലാ താരങ്ങളും പുറത്തായി. 10-ാമനായാണ് ഓപണർ അവീൻ ദാലുഗോഡ പുറത്താകുന്നത്.
മത്സരത്തിൽ വിഗൻ സി സിക്കെതിരെ ഫോംബി എഫ് സി നാല് വിക്കറ്റിന് വിജയിച്ചു. 52 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഫോംബി എഫ് സി വിജയലക്ഷ്യം മറികടന്നത്.
Content Highlights: Ashutosh Sharma smashed hundred in England