ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്; സല്‍മാന്‍ നിസാര്‍ മാത്രം പൊരുതി, ഹിമാചലിനെതിരെ കേരളത്തിന് തോല്‍വി

ക്യാപ്റ്റൻ സൽമാൻ നിസാറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ

icon
dot image

41-ാമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് തോൽവി. ആറ് വിക്കറ്റിനാണ് കേരളത്തിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹിമാചൽ പ്രദേശ് 35.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. തുടക്കത്തിൽ‌ തന്നെ രോഹൻ കുന്നുമ്മലിൻ്റെയും ഷോൺ റോജറുടെയും വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. പത്ത് റൺസ് നേടി രോഹനും 15 റൺസ് അടിച്ചെടുത്ത് ഷോൺ റോജറും കൂടാരം കയറി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ആനന്ദ് കൃഷ്ണൻ- അഹമ്മദ് ഇമ്രാൻ കൂട്ടുകെട്ടാണ് കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ആനന്ദ് 35 റൺസെടുത്ത് പുറത്തായപ്പോൾ അഹമ്മദ് ഇമ്രാൻ 46 റൺസും നേടി.

പിന്നാലെ ക്രീസിലെത്തി 71 പന്തുകളിൽ നിന്ന് 50 റൺസെടുത്ത ക്യാപ്റ്റൻ സൽമാൻ നിസാറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. 27 പന്തുകളിൽ 29 റൺസെടുത്ത അഖിൽ സ്കറിയയുടെ പ്രകടനവും ശ്രദ്ധേയമായി. ഹിമാചലിന് വേണ്ടി ഹൃതിക് കാലിയ മൂന്ന് വിക്കറ്റും മായങ്ക് ദാഗർ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിന് ഏകാന്ത് സെന്നിൻ്റെ നിർ‌ണായക സെഞ്ച്വറിയാണ് അനായാസ വിജയം സമ്മാനിച്ചത്. 81 പന്തുകളിൽ 102 റൺസുമായി ഏകാന്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഇന്നേഷ് മഹാജൻ 46ഉം അമൻപ്രീത് സിങ് 39ഉം റൺസ് നേടി. കേരളത്തിന് വേണ്ടി അഖിൻ സത്താർ, ഫാനൂസ് ഫയിസ്, ഷോൺ റോജർ, സിജോമോൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: Himachal Pradesh beat Kerala by 6 wickets in the 41st All India Uttarakhand Gold Cup Cricket Tournament 2025

To advertise here,contact us
To advertise here,contact us
To advertise here,contact us