'ആര്‍സിബിക്ക് ട്രോഫി സമ്മാനിക്കാന്‍ എങ്കിലും ഒന്ന് ഇന്ത്യയിലേക്ക് വരൂ!'; വിജയ് മല്യയെ ട്രോളി കമന്റുകള്‍

കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബി ജയിച്ചതിന് പിന്നാലെ വിജയ് മല്യ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫില്‍ കടന്നതിന് പിന്നാലെ ടീമിന്റെ മുന്‍ ഉടമയും വ്യവസായിയുമായ വിജയ് മല്യയ്ക്ക് ട്രോള്‍മഴ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തിലെ വിജയത്തിന് ശേഷമാണ് ആര്‍സിബി ഒന്നാം ക്വാളിഫയറിന് യോഗ്യത നേടിയത്. മത്സരത്തിന് ശേഷം തന്റെ മുന്‍ ടീമിനെ അഭിനന്ദിച്ച് മല്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

'ലഖ്‌നൗവിനെതിരെ അത്ഭുതകരമായ വിജയം സ്വന്തമാക്കുകയും ഐപിഎല്ലില്‍ എവേ വിജയങ്ങളുടെ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്ത ആര്‍സിബിക്ക് അഭിനന്ദനങ്ങള്‍. ശക്തമായ മുന്നേറ്റവും നിര്‍ണായക താരങ്ങളുടെ തിരിച്ചുവരവും ആര്‍സിബിയെ ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു', എന്നായിരുന്നു മല്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Congratulations to RCB for pulling off a phenomenal win over LSG tonight and setting a IPL record of away wins. Hopefully, strong momentum and return of key players will enable RCB to play bold en route to the IPL Trophy.

ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി സോഷ്യല്‍ മീഡിയയിലെത്തുന്നത്. 'ആര്‍സിബിക്ക് ട്രോഫി സമ്മാനിക്കാന്‍ താങ്കള്‍ ഇന്ത്യയിലേക്ക് വരുമോ' എന്നാണ് ഒരു ആരാധകന്‍ കമന്റിലൂടെ ചോദിച്ചത്. 'ഇന്ത്യയിലേക്ക് എപ്പോഴാണ് വരുന്നത്? ഇവിടെ കുറച്ച് പേഴ്സണല്‍ ജോലികള്‍ ചെയ്തുതീര്‍ക്കാനില്ലേ', 'നിങ്ങള്‍ പണം തിരികെ കൊണ്ടുവരുന്നതിന് മുന്‍പ് ടീം ട്രോഫി സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 7000 കോടി രൂപയുടെ വായ്പടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസില്‍ അന്വേഷണം നേരിടുകയാണ് വിജയ് മല്യ. തുക തിരിച്ചുപിടിക്കുന്നതിന് വേണ്ടി ബാങ്കുകള്‍ നിയമനടപടി ആരംഭിച്ചതിന് പിന്നാലെ 2016ലാണ് വിജയ് മല്യ രാജ്യം വിട്ടത്. നിലവില്‍ ലണ്ടനിലാണ് മല്യ താമസിക്കുന്നത്.

Content Highlights: Vijay Mallya trolled for posting on RCB's win against LSG

To advertise here,contact us