ഒരു വിജയമകലെ സ്വപ്‌ന കിരീടം! 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ 'കോഹ്‌ലിപ്പട' വരുന്നു

വിരാട് കോഹ്‌ലിയും ടീമും കന്നിക്കിരീടം ഉയര്‍ത്തുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആര്‍സിബി ആരാധകര്‍

17 വര്‍ഷമായുള്ള സ്വപ്‌ന സാക്ഷാത്കാരത്തിന് ഇനി ഒരു വിജയം മാത്രമാണ് ദൂരം. ഐപിഎല്‍ 18-ാം സീസണിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കോഹ്‌ലിയും സംഘവും ഫൈനല്‍ ഉറപ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം പത്ത് ഓവറിനുള്ളില്‍ ആര്‍സിബി മറികടക്കുകയായിരുന്നു.

𝐓𝐇𝐄 𝐅𝐈𝐍𝐀𝐋 𝐂𝐀𝐋𝐋𝐈𝐍𝐆. 🏆Through grit, grind, and some glorious cricket, we’re into the big one! pic.twitter.com/HkidnNOJIY

ഇനി തങ്ങളുടെ സാലാ കപ്പിന് വേണ്ടിയുള്ള 17 വര്‍ഷത്തെ കാത്തിരിപ്പിന് ആര്‍സിബിക്ക് മുന്നില്‍ ഒരു മത്സരം വിജയിക്കേണ്ട കടമ്പ മാത്രമാണുള്ളത്. ജൂണ്‍ മൂന്നിന് നടക്കുന്ന കലാശപ്പോരില്‍ വിജയം സ്വന്തമാക്കാനായാല്‍ കോഹ്‌ലിക്കും സംഘത്തിനും സ്വപ്‌ന കിരീടം സ്വന്തമാക്കാം.

ഒന്‍പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ആര്‍സിബി ഫൈനലിലെത്തുന്നത്. ആര്‍സിബിയുടെ നാലാം ഐപിഎല്‍ ഫൈനലാണിത്. ഇതിന് മുന്‍പ് 2009, 2011, 2016 വര്‍ഷങ്ങളില്‍ കലാശപ്പോരിലെത്തിയെങ്കിലും മൂന്ന് തവണയും ആര്‍സിബിക്ക് കിരീടം നഷ്ടപ്പെടുകയായിരുന്നു. 2009ല്‍ ആറ് റണ്‍സിന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടും 2011ല്‍ 58 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും പരാജയപ്പെട്ട ആര്‍സിബി 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് റണ്‍സിനും തോല്‍വി വഴങ്ങുകയായിരുന്നു.

ഇനി കിരീടപ്പോരാട്ടത്തിലേക്കുള്ള നാലാമത്തെ വരവാണ് കോഹ്‌ലിപ്പടയുടേത്. ക്വാളിഫയര്‍ വണ്ണില്‍ പരാജയപ്പെട്ടെങ്കിലും പഞ്ചാബിന് ഇനിയും ഫൈനലിലെത്താനുള്ള അവസരമുണ്ട്. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയിയെയാരിക്കും രണ്ടാം ക്വാളിഫയറില്‍ പഞ്ചാബിന് നേരിടേണ്ടിവരിക. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളിലൊരാളായിരിക്കും ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികളായി എത്തുക. എന്തായാലും 18-ാം സീസണില്‍ വിരാട് കോഹ്‌ലിയും ടീമും കപ്പുയര്‍ത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആര്‍സിബി ആരാധകര്‍.

Content Highlights: Royal Challengers Bengaluru reaches first IPL final since 2016

To advertise here,contact us