ഐപിഎല് സീസണില് ചെന്നൈ സൂപ്പര് കിംഗ്സിന്റെ മോശം പ്രകടനത്തെ കുറിച്ച് സ്പിന്നര് രവിചന്ദ്രന് അശ്വിന്. പ്ലേ ഓഫ് കാണാതെ പുറത്തായ ധോണിയും സംഘവും ലീഗിലെ അവസാന സ്ഥാനക്കാരായാണ് സീസണ് ഫിനിഷ് ചെയ്തത്. ഐപിഎല് ചരിത്രത്തില് ആദ്യമായാണ് ചെന്നൈ അവസാന സ്ഥാനക്കാരായി സീസണ് അവസാനിപ്പിക്കുന്നത്.
ടീമില് അശ്വിന് ഉള്പ്പെടെയുള്ള താരങ്ങളുടെ മോശം ഫോമില് ഏറെ വിമര്ശനങ്ങള് ഉയര്ന്നിരുന്നു. ഐപിഎല് 2025 ലെ തന്റെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നുവെന്ന് അശ്വിന് തുറന്നുസമ്മതിക്കുകയും ചെയ്തു. ഒരു ലൈവ് പരിപാടിക്കിടെ അശ്വിന് ചെന്നൈ ടീം വിടണമെന്ന് ഒരു ആരാധകന് താരത്തോട് അഭ്യര്ഥിച്ചിരുന്നു.
Ashwin Responded to “Leave my beautiful Franchise “ quote 🔗 https://t.co/Z7LnBKN4Dj pic.twitter.com/wvyQux3IBc
'ഇഷ്ടമുള്ളതുകൊണ്ട് പറയുകയാണ്, ദയവായി സിഎസ്കെ കുടുംബം വിടണം' എന്നാണ് ആരാധകന് അശ്വിനോട് പറഞ്ഞത്. എന്നാല് ടീമിനെ താന് ഏറെ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു അശ്വിന്റെ മറുപടി. ടീമിന്റെ മോശം പ്രകടനത്തില് കടുത്ത വിഷമമുണ്ടെന്നും ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും അശ്വിന് പറഞ്ഞു.
'ഈ സന്ദേശത്തിന് പിന്നിലുള്ള സ്നേഹം എനിക്ക് മനസിലാവുന്നുണ്ട്. ഞാനും വളരെയധികം കരുതലോടെയാണ് സീസണില് ടീമിനെ സമീപിച്ചത്. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്തു. എവിടെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നറിയാം. ഞാന് പവര് പ്ലേയില് ധാരാളം റണ്സ് വഴങ്ങി. അടുത്ത സീസണില് ബൗളിങ്ങില് കൂടുതല് ശ്രദ്ധകേന്ദ്രീകരിക്കും. എനിക്ക് പന്ത് നല്കിയാല് ബോള് ചെയ്യും. അതല്ല ബാറ്റ് ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില് അത് ചെയ്യും. ഞാന് ഏറ്റവും മികച്ചത് നല്കാനും അടുത്ത സീസണില് കൂടുതല് കരുത്തോടെ തിരിച്ചുവരാനും ഞാന് പ്രതിജ്ഞാബദ്ധനാണ്', അശ്വിന് പറഞ്ഞു.
'2009 മുതല് ഏഴ് വര്ഷത്തോളം ഞാന് ചെന്നൈ സൂപ്പര് കിങ്സിനായി കളിച്ചു. ടീമിന്റെ ഉയര്ച്ച കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും വിഷമിക്കുന്നത് ഇതാദ്യമാണ്. ഒരാള്ക്ക് സങ്കല്പ്പിക്കാനാകുന്നതിനുമപ്പുറമുള്ള കരുതല് ഞാന് ടീമിന് നല്കുന്നുണ്ട്. ഇനി എന്ത് ചെയ്യാനാകുമെന്നതിലാണ് എന്റെ ശ്രദ്ധ', അശ്വിന് കൂട്ടിച്ചേർത്തു.
രാജസ്ഥാന് റോയല്സ് താരമായിരുന്ന അശ്വിന് ഈ സീസണിലാണ് 9.75 കോടി രൂപയ്ക്ക് തന്റെ പഴയ തട്ടകമായ ചെന്നൈയിലെത്തിയത്. ഒമ്പത് മത്സരങ്ങളില് നിന്ന് അശ്വിന് ഏഴ് വിക്കറ്റുകള് മാത്രം വീഴ്ത്തുകയും 33 റണ്സ് നേടുകയും ചെയ്തു.
Content Highlights: R Ashwin gets emotional after being asked to leave CSK