'നേരത്തെ ഇറങ്ങാന്‍ മടിയാണോ?'; ധോണിയുടെ ഭാവിയെചൊല്ലി റെയ്‌നയുടെയും ആകാശ് ചോപ്രയുടെയും 'ലൈവ് അടി': വീഡിയോ

താന്‍ വിരമിക്കുമെന്ന് ഐപിഎല്‍ 18-ാം സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിന് ശേഷവും ധോണി പ്രഖ്യാപിച്ചിട്ടില്ല

ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ഭാവിയെയും ഫിറ്റ്‌നസിനെയും ചൊല്ലി ലൈവ് ചര്‍ച്ചയ്ക്കിടെ പരസ്പരം തര്‍ക്കിച്ച് മുന്‍ താരങ്ങളായ ആകാശ് ചോപ്രയും സുരേഷ് റെയ്‌നയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവി എപ്പോഴും ചര്‍ച്ചാവിഷയമാവാറുണ്ട്. ഓരോ സീസണിനും മുന്‍പ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാറുണ്ട്. 2025 സീസണിലും 43കാരനായ ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

താന്‍ വിരമിക്കുമെന്ന് ഐപിഎല്‍ 18-ാം സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിന് ശേഷവും ധോണി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ചെന്നൈയുടെ മത്സരത്തിന് മുന്‍പുള്ള ഷോയില്‍ ധോണിയുടെ ഭാവിയും ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു.

മത്സരത്തിന് മുമ്പുള്ള ഷോയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, സഞ്ജയ് ബംഗാര്‍, ആര്‍പി സിംഗ്, ആകാശ് ചോപ്ര എന്നിവരാണ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കണ്ട സമയമായോ എന്ന് ചര്‍ച്ച ചെയ്തത്. ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കേണ്ട സമയമായെന്ന് ആകാശ് ചോപ്ര വാദിച്ചപ്പോള്‍ സുരേഷ് റെയ്‌നയും ആര്‍പി സിംഗും എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ചർച്ച ചൂടുപിടിക്കുകയും ചെയ്തു.

സംഭാഷണം നടന്നത് ഇങ്ങനെ:

ആകാശ് ചോപ്ര: എം എസ് ധോണി അണ്‍ക്യാപ്ഡായ ഇന്ത്യന്‍ താരം ആയിരുന്നില്ലെങ്കില്‍ ഈ വര്‍ഷം സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുമായിരുന്നോ?

സുരേഷ് റെയ്‌ന: തീര്‍ച്ചയായും. അദ്ദേഹം 18 വര്‍ഷമായി ടീമിനൊപ്പമുണ്ട്. ഇപ്പോള്‍ പോലും അദ്ദേഹം സിക്‌സറുകള്‍ അടിക്കുന്നുണ്ട്.

Things get a little heated in the studio during #TheBigDebate! 🔥What's your take on #CaptainCool's batting position this season? 💬Watch him #OneLastTime 👉 GTvCSK | SUN, 25th MAY, 2:30 PM on Star Sports Network & JioHotstar pic.twitter.com/uUWwUqK69I

ആകാശ് ചോപ്ര: കാര്യമെന്താണെന്നാല്‍ ധോണി എന്തുകൊണ്ടാണ് 7,8,9 നമ്പറുകളില്‍ ബാറ്റിങ്ങിനിറങ്ങുന്നത്? നിങ്ങളുടെ ടീം നന്നായി ബാറ്റുചെയ്യുന്നില്ല. ചെന്നൈയുടെ ടോപ് ഓര്‍ഡറില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ട്. അത്ര വലിയ താരമാണെങ്കില്‍ അദ്ദേഹത്തിന് നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാമായിരുന്നു. എന്തിനാണ് ധോണി ഇങ്ങനെ മടികാണിക്കുന്നത്? അദ്ദേഹം ഫിറ്റാണോ അല്ലയോ?

സുരേഷ് റെയ്‌ന: അവസാനത്തെ നാല് ഓവറുകളിലാണ് ധോണിക്ക് കംഫര്‍ട്ടബിളെന്ന് തോന്നുന്നു. 44-ാം വയസിലും നന്നായി വിക്കറ്റ് കീപ്പ് ചെയ്യുന്ന അദ്ദേഹം ഫിറ്റ് തന്നെയാണ്. മത്സരത്തിനിടെ ധോണി ഒരു ഇന്റര്‍വ്യൂ നടത്തിയിരുന്നു. വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം വരുന്നുണ്ടെന്നും അതിന് വേണ്ടി ശിവം ദുബെ പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആ ഇന്റര്‍വ്യൂവില്‍ ധോണി വ്യക്തമാക്കിയതാണ്.

ആര്‍പി സിങ്: കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സമയമെടുക്കും. എല്ലാ കളിക്കാരും അങ്ങനെയാണ് ചെയ്യുന്നത്. അദ്ദേഹം 20 വര്‍ഷമായി കീപ്പര്‍ ആണ്, സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നു. റെയ്നയും കാല്‍മുട്ട് ശസ്ത്രക്രിയ നടത്തിയയാളാണ്. കുറച്ചുകാലത്തെ വിശ്രമത്തിനൊടുവില്‍ അദ്ദേഹം ഒടുവില്‍ സുഖം പ്രാപിച്ചു.

Content Highlights: 'Is MS Dhoni even fit?' Suresh Raina, Aakash Chopra clash in heated debate on live TV

To advertise here,contact us