ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇടംലഭിച്ചതിൽ പ്രതികരണവുമായി തമിഴ്നാട് താരം സായി സുദർശൻ. തീർച്ചയായും ഇത് സന്തോഷം നൽകുന്നു. 'സ്വപ്നതുല്യമാണ് ഈ നേട്ടം. ഏതെരു താരവും ക്രിക്കറ്റ് കളിക്കാൻ തുടങ്ങുന്നത് തന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കെത്താനും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനുമാണ്. അതിനാൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്,' ഇഎസ്പിൻ ക്രിക്ഇൻഫോയോട് സായി സുദർശൻ പ്രതികരിച്ചു.
'ടീമിൽ അവസരം ലഭിച്ചാൽ ഏത് നമ്പറിലും കളിക്കാൻ തയ്യാറാണെന്നും സുദർശൻ പറയുന്നു. രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് വലിയ കാര്യം. അതുകൊണ്ട് എത്രാം നമ്പറിൽ കളിക്കാൻ അവസരം ലഭിക്കുമെന്നതിൽ ആശങ്കയില്ല. പരിശീലകർ എവിടെ കളിക്കാനാണ് പറയുന്നത് ആ റോൾ ഭംഗിയാക്കാൻ പൂർണമായും ശ്രമിക്കും,' സായി വ്യക്തമാക്കി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി സായി തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിൽ കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് സായി. 13 മത്സരങ്ങളിൽ നിന്ന് 638 റൺസാണ് സായി ഇതുവരെ നേടിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിൽ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, കെ എൽ രാഹുൽ, അഭിമന്യൂ ഈശ്വരൻ തുടങ്ങിയവരുള്ളപ്പോൾ സായി സുദർശൻ എത് സ്ഥാനത്ത് കളിക്കുമെന്നതിലാണ് അറിയേണ്ടത്.
ജൂണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: Sai Sudharsan's 1st Reaction After Maiden India Test Call-Up vs England