ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി യുവതാരം ശുഭ്മൻ ഗില്ലിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു അപൂർവ്വ നേട്ടവും താരം സ്വന്തമാക്കി. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ നായകനാണ് ഗിൽ. 25 വർഷവും 285 ദിവസവും പ്രായമുള്ളപ്പോഴാണ് ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് നായകനാകുന്നത്.
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ മൻസൂർ അലി ഖാൻ പട്ടൗഡി ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയത് 21 വയസ് മാത്രമുള്ളപ്പോൾ മൻസൂർ അലി ഖാൻ പട്ടൗഡി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായി. സച്ചിൻ തെണ്ടുൽക്കർ 23-ാം വയസിലും കപിൽ ദേവ് 24-ാം വയസിലും രവി ശാസ്ത്രി 25-ാം വയസിലും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയിരുന്നു.
അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ഗിൽ നയിക്കുക. വിദേശമണ്ണിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഗില്ലിനും ഇന്ത്യയ്ക്കും നിർണായകമാണ്. സമീപകാലത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരാജയവും വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും അഭാവവുമാണ് ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയെ അലട്ടുന്ന കാര്യങ്ങൾ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: New India Test Captain Shubman Gill's Huge Feat