ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇടം നേടിയതിന് പിന്നാലെ പ്രതികരണവുമായി കരുണ് നായര്. എട്ട് വര്ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതില് അഭിമാനിക്കുന്നതായി കരുൺ പറഞ്ഞു. ഐപിഎല് മത്സരത്തില് പഞ്ചാബ് കിങ്ങ്സിനെ ഡല്ഹി ക്യാപിറ്റല്സ് ആറ് വിക്കറ്റിന് തോല്പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു കരുണ് നായര്.
ഭാഗ്യം കൊണ്ടാണ് താന് ടീമില് തിരിച്ചെത്തിയത്. കഴിഞ്ഞ 12-16 മാസമായി ആഭ്യന്തര ക്രിക്കറ്റില് മികച്ച പ്രകടനം പുറത്തെടുത്തതിനാല് ഈ വിളിക്കായി കാത്തിരിക്കുകയായിരുന്നു എന്നും കരുണ് നായര് പറഞ്ഞു.
നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറിയെന്ന കൊടുമുടി കയറി മികവ് തെളിയിച്ചിട്ടും ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ സെഞ്ചറികൾ നേടിയിട്ടും ദേശീയ ടീമിൽ നിന്ന് താരം തഴയപ്പെട്ടിരുന്നു. ഒടുവിൽ 2979 ദിവസം നീണ്ട കാത്തിരിപ്പിനുശേഷം ബിസിസിഐ കരുണിനു നേരെ കണ്ണുതുറക്കുന്നത്.
2024-25 സീസണില് വിദര്ഭ രഞ്ജി ട്രോഫി നേടുന്നതില് കരുണ് നായരുടെ പ്രകടനങ്ങള് നിര്ണായകമായിരുന്നു. രഞ്ജി ട്രോഫിയില്, ഒമ്പത് മത്സരങ്ങളില് നിന്ന് നാല് സെഞ്ച്വറികള് ഉള്പ്പെടെ 863 റണ്സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്, അഞ്ച് സെഞ്ച്വറികള് ഉള്പ്പെടെ വെറും എട്ട് ഇന്നിംഗ്സുകളില് നിന്ന് 779 റണ്സ് നേടിയതും അദ്ദേഹത്തിന്റെ ഇന്ത്യന് ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കി.
Content Highlights: karun nair test team call