ഐപിഎൽ വളരുന്നു, അംപയറിങ് പിന്നോട്ടും; വീണ്ടും ചോദ്യമായി ഐപിഎൽ അംപയറിങ് നിലവാരം

ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സ് മത്സരമാണ് ഒടുവിലെ ഉദാഹരണം

ഇന്ത്യൻ പ്രീമിയർ ലീ​ഗ്. കായിക ലോകത്തിന് മാതൃകയായ ടൂർണമെന്റ്. 18 വർഷമായി ഐപിഎൽ വളരുകയാണ്. മാറ്റങ്ങളിലൂടെ, പ്രതീക്ഷകളിലൂടെ. പക്ഷേ ഒരൊറ്റ കാര്യം മാത്രം ചോദ്യം ചെയ്യപ്പെടുകയാണ്. ഐപിഎല്ലിലെ അംപയറിങ് നിലവാരം. സാങ്കേതിക വിദ്യ എത്രയോ മുന്നോട്ട് പോയി. പുതിയ സാങ്കേതിക വിദ്യകൾ ഐപിഎല്ലിലും നടപ്പിലാക്കി കഴിഞ്ഞു. പക്ഷേ അംപയറിങ്ങിലെ പിഴവുകൾ തുടരുകയാണ്.

ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സ് മത്സരമാണ് ഒടുവിലെ ഉദാഹരണം. മോഹിത് ശർമയുടെ പന്തിൽ ശശാങ്ക് സിങ്ങിന്റെ സിക്സർ ശ്രമം. ബൗണ്ടറിയിൽ ക്യാച്ചെടുക്കാൻ ശ്രമിച്ച കരുൺ നായരിന് ബാലൻസ് തെറ്റി. താൻ ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തെന്നും അത് സിക്സറെന്നും കരുൺ പറ‍ഞ്ഞു. പക്ഷേ തേർഡ് അംപയറുടെ പരിശോധനയിൽ മറിച്ചായിരുന്നു തീരുമാനം.

വിമർശനവുമായി പഞ്ചാബ് കിങ്സ് സഹഉടമ പ്രീതി സിന്റ രം​ഗത്തെത്തി. ഇത്ര വലിയൊരു ടൂർണമെന്റിൽ ഇത്ര മികച്ച സാങ്കേതിക വിദ്യകളുണ്ടായിട്ടും അംപയറിങ് പിഴവുകൾ ഉണ്ടാകുന്നത് അം​ഗീകരിക്കാൻ കഴിയില്ല. പ്രീതി സിന്റയുടെ വാക്കുകൾ ഇങ്ങനെ.

സീസണിൽ അംപയറിങ് പിഴവുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് താരം സ്വയം ക്രീസ് വിട്ടിറങ്ങി. വൈഡ് വിളിക്കാൻ തുടങ്ങിയ അംപയർ വേ​ഗത്തിൽ തീരുമാനം മാറ്റി. ഇഷാൻ കിഷൻ ഔട്ടെന്ന് വിധിച്ചു. പിന്നീട് ടെലിവിഷൻ റിപ്ലേയിൽ കിഷൻ ഔട്ടല്ലെന്ന് വ്യക്തമായിരുന്നു. സംശയമുണ്ടായിരിന്നിട്ടും ഇഷാനെ തിരിച്ചുവിളിക്കാനോ തീരുമാനം തേർഡ് അംപയറിന് വിടാനെ അന്ന് ​ഗ്രൗണ്ടിൽ നിന്നിരുന്ന അംപയർ വിനോദ് സെഷാൻ തയ്യാറായില്ല.

ഓരോ പിഴവുകളും ഐപിഎല്ലിന്റെ മാന്യതെയാണ് ചോദ്യം ചെയ്യുന്നത്. ഓരോ മത്സരങ്ങളും കാണാനായി കാത്തിരിക്കുന്ന ആരാധകരുടെ ആവേശത്തെയാണ് നിരാശപ്പെടുത്തുന്നത്. ഐപിഎല്ലിന്റെ വിശ്വാസത്യയെ ഉയർത്തുവാനായി അംപയറിങ് നിലവാരം ഉയർത്തുവാൻ ബിസിസിഐ ശ്രദ്ധിക്കേണ്ടതുണ്ട്.

Content Highlights: IPL umpiring standard raises questions again

To advertise here,contact us