'ഞങ്ങൾ ഇവിടെയുള്ളത് നിങ്ങൾ കാരണമാണ്'; ആരാധകരോട് നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

'അടുത്ത സീസണിൽ നമ്മൾ ശക്തമായി തിരിച്ചുവരും. അതുവരെ എല്ലാവർക്കും നന്ദി'

ഐപിഎൽ സീസണിൽ മത്സരങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ആരാധകരോട് നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. ഞങ്ങൾ ഇവിടെയുള്ളത് നിങ്ങൾ കാരണമാണ്, ഞങ്ങളുടെ ആരാധകർ. അടുത്ത സീസണിൽ നമ്മൾ ശക്തമായി തിരിച്ചുവരും. അതുവരെ എല്ലാവർക്കും നന്ദി. ഉടൻ തന്നെ വീണ്ടും കാണാം. ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഐപിഎല്ലിൽ 14 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഡൽഹി ക്യാപിറ്റൽസിന് ഏഴ് മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചു. ആറിൽ പരാജയപ്പെട്ടു. ഒരു മത്സരം മഴമൂലം നഷ്ടമായി. ആകെ 15 പോയിന്റാണ് ഡൽഹിക്ക് നേടാനായത്. എങ്കിലും ഡൽഹിക്ക് പ്ലേ ഓഫ് യോ​ഗ്യത കടക്കാനായില്ല. ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് ആദ്യ നാല് മത്സരങ്ങൾ വിജയിച്ച ടീം പ്ലേ ഓഫ് കടക്കാതെ പുറത്താകുന്നത്.

സീസണിൽ ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ ആവേശകരമായ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ 2025ന് തുടക്കമിട്ടത്. പിന്നാലെ സൺറൈസേഴ്സ് ​ഹൈദരാബാദിനെയും ചെന്നൈ സൂപ്പർ കിങ്സിനെയും ഡൽഹി ക്യാപിറ്റൽസിനെയും ഡൽഹി പരാജയപ്പെടുത്തി. എന്നാൽ അഞ്ചാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് ഡൽഹി സംഘം സീസണിൽ ആദ്യമായി പരാജയപ്പെട്ടു. തൊട്ടടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹി സൂപ്പർ ഓവറിൽ പരാജയപ്പെടുത്തി.

സീസണിലെ ഡൽഹിയുടെ ഏഴാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി തകർപ്പൻ ജയം സ്വന്തമാക്കി. പക്ഷേ പിന്നീട് നടന്ന അഞ്ചിൽ നാല് മത്സരങ്ങളും ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം മഴ തടസപ്പെടുത്തുകയും ചെയ്തു. ഐപിഎൽ മെ​ഗാലേലത്തിന് ശേഷം പൊളിച്ചുപണിത ടീമുമായെത്തിയ ഡൽഹി ക്യാപിറ്റൽസിന് പക്ഷേ പ്ലേ ഓഫ് യോ​ഗ്യത കടക്കാനായില്ല. 2021ലാണ് ഡൽഹി ക്യാപിറ്റൽസ് അവസാനമായി ഐപിഎല്ലിന്റെ പ്ലേ ഓഫ് കടന്നത്. 2020ൽ ഫൈനൽ കളിച്ചതാണ് ഡൽഹിയുടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം.

Content Highlights: Delhi Capitals says thanks to fans assure a strong comeback

To advertise here,contact us