ടെസ്റ്റ് ക്രിക്കറ്റില് നിന്നുമുള്ള ഇന്ത്യന് താരം വിരാട് കോഹ്ലിയുടെ വിരമിക്കല് പ്രഖ്യാപനത്തില് പ്രതികരണവുമായി ബിസിസിഐ. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീം പ്രഖ്യാപനത്തിനിടെയാണ് ബിസിസിഐ സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്ക്കര് കോഹ്ലിയുടെ വിരമിക്കലിനെ കുറിച്ച് ഒടുവില് മൗനം വെടിഞ്ഞത്. ഏപ്രില് മാസത്തിന്റെ ആദ്യം തന്നെ ടെസ്റ്റില് നിന്ന് വിരമിക്കാന് തീരുമാനിച്ചതായി കോഹ്ലി ബോര്ഡിനെ അറിയിച്ചിരുന്നുവെന്ന് അഗാര്ക്കര് പറഞ്ഞു.
'കോഹ്ലിയെയും രോഹിത്തിനെയും പോലുള്ള താരങ്ങള് വിരമിക്കുമ്പോള് അത് നികത്താന് കഴിയാത്ത വലിയ വിടവുകള് സൃഷ്ടിക്കും. രവിചന്ദ്രന് അശ്വിന് പോലും കുറച്ച് മാസങ്ങള്ക്ക് മുമ്പ് വിരമിച്ചിരുന്നു. അവരെല്ലാം ഇന്ത്യന് ക്രിക്കറ്റിലെ അതികായന്മാരാണ്. അവര് ക്രിക്കറ്റില് നിന്ന് വിരമിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല് ആ തീരുമാനത്തെ മറ്റൊരാള്ക്ക് ഒരു അവസരമാണ് എന്ന രീതിയിലും കാണാന് കഴിയും. കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാന് ഇരുവരുമായും സംസാരിച്ചിരുന്നു. ഏപ്രില് ആദ്യം തന്നെ വിരാട് ഞങ്ങളുമായി ബന്ധപ്പെടുകയും ടെസ്റ്റ് ക്രിക്കറ്റില് നിന്ന് വിരമിക്കാന് തീരുമാനിച്ചതായി പറയുകയും ചെയ്തിരുന്നു,' അഗാര്ക്കര് പറഞ്ഞു.
മെയ് 12 നാണ് ടെസ്റ്റ് ക്രിക്കറ്റില് നിന്ന് വിരാട് കോഹ്ലി അപ്രതീക്ഷിതമായി വിരമിക്കല് പ്രഖ്യാപിച്ചത്. 123 ടെസ്റ്റുകളില് നിന്നായി 9,230 റണ്സ് നേടിയാണ് ഇതിഹാസ താരത്തിന്റെ പടിയിറക്കം. ഇതില് 30 സെഞ്ച്വറികളും 31 അര്ധ സെഞ്ച്വറികളും ഉള്പ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റില് ഇന്ത്യയെ ഏറ്റവും കൂടുതല് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനുമാണ് കോഹ്ലി. 68 മത്സരങ്ങളില് ഇന്ത്യയെ നയിച്ചതില് 40ലും കോഹ്ലിയുടെ സംഘത്തിന് വിജയിക്കാന് സാധിച്ചിരുന്നു.
Content Highlights: ‘Virat obviously reached out in early April and said he wants to finish’ says Ajit Agarkar