വൈഭവ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സീനിയർ ടീമിലെത്തും; പ്രതീക്ഷ പങ്കുവച്ച് താരത്തിന്റെ കോച്ച്

രാജസ്ഥാന്‍ റോയല്‍സ് പരിശീലകരായ രാഹുല്‍ ദ്രാവിഡിന്റേയും വിക്രം റാത്തോഡിന്റേയും ശിക്ഷണം വൈഭവിന്റെ ബാറ്റിങ്ങിന് കൂടുതൽ കരുത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം നടത്തിയ 14 കാരൻ വൈഭവ് സൂര്യവംശി രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് താരത്തിന്റെ കോച്ച് അശോക് കുമാര്‍. ഇതിനായി ഫിറ്റ്നസിലും ഫീൽഡിങ്ങിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണമെന്നും വൈഭവിനെ അശോക് കുമാര്‍ ഉപദേശിച്ചു. രാജസ്ഥാന്‍ റോയല്‍സ് പരിശീലകരായ രാഹുല്‍ ദ്രാവിഡിന്റേയും വിക്രം റാത്തോഡിന്റേയും ശിക്ഷണം വൈഭവിന്റെ ബാറ്റിങ്ങിന് കൂടുതൽ കരുത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്ലിന്റെ ഈ സീസണിൽ വെറും പതിനാലാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് സെഞ്ച്വറിയടക്കം 252 റണ്‍സെടുത്തിരുന്നു. ഇതിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തിലെ ഫിഫ്‌റ്റിയും ഉൾപ്പെടുന്നു. ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ അന്ന് സ്വന്തം പേരിലാക്കിയത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം മുഹമ്മദ് ഇനാനും ടീമില്‍ ഇടം നേടി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി തിളങ്ങിയ മുംബൈ യുവതാരം ആയുഷ് മാത്രെയാണ് ടീമിന്റെ നായകന്‍. മുംബൈ വിക്കറ്റ് കീപ്പര്‍ അടുത്ത മാസം 24ന് ആരംഭിക്കുന്ന പരമ്പരയില്‍ ഒരു സന്നാഹ മത്സരവും അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ദ്വിദിന മത്സരങ്ങളുമാണുള്ളത്.

Content Highlights: Vaibhav will join the Indian senior team in the next two years;coach shares his hope

To advertise here,contact us