ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനവും പുതിയ ക്യാപ്റ്റനെയും ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും. ഒരു മണിക്കാണ് ബിസിസിഐ ഇന്ന് സെലക്ഷൻ കമ്മറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം ടീം പ്രഖ്യാപനവും ക്യാപ്റ്റൻ പ്രഖ്യാപനവും ഉണ്ടാകും. സെലക്ഷൻ യോഗത്തിന് ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പത്രസമ്മേളനം നടക്കുന്നുണ്ട്.
പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെയാണ് ബിസിസിഐ തീരുമാനിച്ചതെന്നാണ് സൂചന. 25 കാരനായ ബാറ്റർ ടീമിനെ നയിക്കുമ്പോൾ കെ എൽ രാഹുലിനോ അല്ലെങ്കിൽ റിഷഭ് പന്തിനോ ആയിരിക്കും വൈസ് ക്യാപ്റ്റൻ ഡെപ്യൂട്ടി. നേരത്തെ ബിസിസിഐ ജസ്പ്രീത് ബുംമ്രയെ സമീപിച്ചെങ്കിലും താരം വിസമ്മതിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
മുൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമയും സ്റ്റാർ പ്ലെയർ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ഡിസംബർ-ജനുവരി മാസങ്ങളിൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലെന്നപോലെ 34 കാരനായ പേസർ മുഹമ്മദ് ഷമിയെ ഈ പര്യടനത്തിൽ നിന്ന് സെലക്ടർമാർ ഒഴിവാക്കാനാണ് സാധ്യത. കാരണം 34 കാരന്റെ ലോംഗ് സ്പെൽ എറിയാനുള്ള കഴിവിൽ ബിസിസിഐ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ബുംമ്രയ്ക്കൊപ്പം പേസര്മാരായി പരിഗണിക്കുന്നത് മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹര്ഷിത് റാണ, അര്ഷ്ദീപ് സിംഗ് എന്നിവരെയാകുമെന്നാണ് കരുതുന്നത്. കുല്ദീപ് യാദവിനെ ഏക സ്പിന്നറായും രവീന്ദ്ര ജഡേജ, വാഷിംഗ്ടണ് സുന്ദര്, നിതീഷ് കുമാര് റെഡ്ഡി എന്നിവരെ ഓള്റൗണ്ടര്മാരായും പരിഗണിച്ചേക്കും. അതേ സമയം സായ് സുദർശൻ അടക്കമുള്ള പുതുമുഖങ്ങളെ ഇത്തവണ പരിഗണിച്ചേക്കും. കരുൺ നായരും ടീമിലിടം പിടിച്ചേക്കും.
Content Highlights: Test squad and new captain for England to be announced today; BCCI to announce