ഓസ്‌ട്രേലിയയിലെന്ന പോലെ ഇംഗ്ലണ്ടിലും ടെസ്റ്റിൽ തഴയപ്പെട്ട് ഷമി; ഇനി ഭാവിയെന്ത്?

തലമുറമാറ്റത്തിൽ പല താരങ്ങൾക്കും പുതുതായി അവസരം ലഭിച്ചപ്പോൾ നിരാശയായത് മുഹമ്മദ് ഷമിക്കാണ്.

ക്രിക്കറ്റ് ആരാധകർ ഇത്രമാത്രം കാത്തിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം ഇതിന് മുമ്പുണ്ടായിട്ടില്ല. രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഇനി പകരമാര് എന്ന ആകാംക്ഷയായിരുന്നു അതിന് പിന്നിൽ. എന്നാലിതാ ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്.

ജൂണിൽ ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ശുഭ്മൻ ​ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം നായകൻ. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ കരുൺ നായർ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. 18 അം​ഗ ടീമിനെയാണ് ഇന്ത്യ ഇം​ഗ്ലണ്ട് പരമ്പരയ്ക്കായി അയയ്ക്കുന്നത്.

തലമുറമാറ്റത്തിൽ പല താരങ്ങൾക്കും പുതുതായി അവസരം ലഭിച്ചപ്പോൾ നിരാശയായത് മുഹമ്മദ് ഷമിക്കാണ്. ഐപിഎല്ലിന്റെ മോശം പ്രകടനമാണ് ഷമിക്ക് വില്ലനായത് എന്നാണ് വിലയിരുത്തൽ. 11 റൺസ് ഇക്കോണമിയിൽ ആറ് വിക്കറ്റുകൾ മാത്രമാണ് നേടിയത്. അതിന് മുമ്പ് നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചിരുന്നെങ്കിലും അതിലും വലിയ മികവ് കാണിക്കാനായിരുന്നില്ല. ഇതുകൂടാതെ 34 വയസ്സ് പ്രായമുള്ള താരത്തിന് ടെസ്റ്റ് പോലെയുള്ള അഞ്ചുദിന മത്സരങ്ങൾ കളിക്കാനുള്ള ഫിറ്റ്നസ് ഉണ്ടോ എന്നതും ബിസിസിഐ സംശയിച്ചു. പരിക്ക് പൂർണമായി മാറാത്തതും തിരിച്ചടിയായി.

ഓസീസിൽ നടന്നിരുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. പരിക്കുമൂലം നീണ്ട കാലം പുറത്തായിരുന്ന ഷമി രഞ്ജി ട്രോഫിയിലും മറ്റും കളിച്ചാണ് തിരിച്ചുവരവ് നടത്തിയത്. എന്നാൽ വീണ്ടും തഴയപ്പെട്ടതോടെ താരത്തിന്റെ ഭാവി എന്താകുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

Content Highlights: Mohmmed Shami Ignored For Test Series Against England

To advertise here,contact us