'മൂന്ന് ഫോർമാറ്റിലും ഒരു ക്യാപ്റ്റനെങ്കിൽ ജോലി എളുപ്പമാകും; പക്ഷേ ആ തീരുമാനം ഉണ്ടാവില്ല':ഗൗതം ഗംഭീർ

'ഒരു വർഷത്തിൽ 12 മാസം ക്രിക്കറ്റ് മത്സരങ്ങളുണ്ട്. അതിൽ 10 മാസം അന്താരാഷ്ട്ര ക്രിക്കറ്റും രണ്ട് മാസം ഐപിഎല്ലുമുണ്ട്'

രോഹിത് ശർമയുടെ വിരമിക്കലിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെ ഇന്ന് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ടീം നായകനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് പരിശീലകൻ ​ഗൗതം ​ഗംഭീർ. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ഒരു ക്യാപ്റ്റനെ ലഭിക്കുകയാണെങ്കിൽ പരിശീലകർക്ക് ജോലി എളുപ്പമാകുമെന്നാണ് ​ഗംഭീറിന്റെ വാക്കുകൾ. 'എന്നാൽ ഇക്കാലത്ത് അങ്ങനെ സംഭവിക്കില്ല. തിരക്കേറിയ മത്സരക്രമമാണ് ഇന്നുള്ളത്. ഒരു വർഷത്തിൽ 12 മാസം ക്രിക്കറ്റ് മത്സരങ്ങളുണ്ട്. അതിൽ 10 മാസം അന്താരാഷ്ട്ര ക്രിക്കറ്റും രണ്ട് മാസം ഐപിഎല്ലുമുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ തീർച്ചയായും ഐപിഎല്ലിൽ ഒരു ടീമിന്റെ നായകനാകും,' ​ഗംഭീർ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു.

'ഒരു താരം 12 മാസം എല്ലാ മത്സരങ്ങളിലും ക്യാപ്റ്റനായിരിക്കുന്നത് അയാളുടെ മാനസികാരോ​ഗ്യത്തെ സാരമായി ബാധിക്കും. അതുകൊണ്ട് ഒരു ടീമിന് ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലുമായി രണ്ട് ക്യാപ്റ്റന്മാർ ഉണ്ടെങ്കിൽ അത് സമ്മർദ്ദം പകുതിയായി കുറയ്ക്കാൻ സാധിക്കും.' ​ഗംഭീർ വ്യക്തമാക്കി.

ജൂണിൽ നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രോഹിത് ശർമയ്ക്ക് പകരമായി യുവതാരം ശുഭ്മൻ ​ഗിൽ ഇന്ത്യൻ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ. റിഷഭ് പന്ത്, ജസ്പ്രീത് ബുംമ്ര എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.

Content Highlights: Gautam Gambhir Big Admission Ahead Of New Captain Announcement

To advertise here,contact us