ജൂണിൽ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീമിൽ നിന്ന് പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയേക്കും. തുടർച്ചയായി ഓവറുകൾ എറിയാൻ ഷമിക്ക് കഴിയില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വിലയിരുത്തൽ. പകരമായി അർഷ്ദീപ് സിങ്ങിനെയും അൻഷുൽ കംബോജിനെയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
'ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഷമി നാല് ഓവറുകൾ എറിയുന്നുണ്ട്. എന്നാൽ ഒരു ദിവസം 10 ഓവറുകൾ എറിയാൻ ഷമിക്ക് കഴിയുമെന്ന് ബിസിസിഐക്ക് വിശ്വാസമില്ല. ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരങ്ങൽ നടക്കുമ്പോൾ പേസ് ബൗളർമാർ കൂടുതൽ ഓവറുകൾ എറിയേണ്ടി വരും. അതുകൊണ്ട് റിസ്ക് എടുക്കാൻ കഴിയില്ല.' ബിസിസിഐ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ കണങ്കാലിനേറ്റ പരിക്കാണ് മുഹമ്മദ് ഷമിയുടെ കരിയറിന് തിരിച്ചടിയായത്. ഒരു വർഷത്തോളം താരം പരിക്കിന്റെ ചികിത്സയിലായിരുന്നു. പരിക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ ക്രിക്കറ്റിലേക്കുൾപ്പെടെ തിരികെയെത്തിയെങ്കിലും ഷമിക്ക് പഴയ മികവിലേക്കെത്താൻ സാധിച്ചില്ല. ധാരാളം റൺസ് വിട്ടുകൊടുക്കുന്നതും ഓവർ പൂർത്തിയാക്കാൻ കഴിയാത്തതും ഷമിയുടെ ശാരീരികക്ഷമതയെ ചോദ്യം ചെയ്തു.
ഐപിഎല്ലിൽ സൺറൈസേഴ്സിനായി ഒമ്പത് മത്സരങ്ങൾ കളിച്ച ഷമി ആറ് വിക്കറ്റ് മാത്രമാണ് നേടിത്. റൺസും ധാരാളമായി വിട്ടുകൊടുക്കുന്നു. ഇതോടെ താരത്തെ സൺറൈസേഴ്സ് ടീമിൽ നിന്നൊഴിവാക്കിയിരിക്കുകയാണ്.
Content Highlights: Mohammed Shami unlikely for England Test series