മൈക്രോ സെക്കന്റുകൾക്കുള്ളിൽ സ്റ്റമ്പിങ്, മികച്ച തുടക്കം ഉറപ്പാക്കുന്ന ഓപണർ; അതാണ് റയാൻ റിക്ലത്തൺ

വിക്കറ്റിന് പിന്നില്‍ മാത്രമല്ല മുന്നിലും താരത്തിൻറെ പ്രകടനം ഏറെ മികച്ചതാണ്

ഐപിഎല്ലില്‍ വീണ്ടുമൊരു മിന്നല്‍ സ്റ്റമ്പിങ്. ഇത്തവണ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്ലത്തണ്‍ ആണ് താരമായത്. ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍ അഭിഷേക് പോറലായിരുന്നു ക്രീസില്‍. വില്‍ ജാക്‌സ് എറിഞ്ഞ പന്ത് പോറലിനെ മറികടന്ന് റിക്ലത്തണിന്റെ കൈകളിലെത്തി. പോറലിന്റെ കാലുകള്‍ ക്രീസില്‍ നിന്ന് ചലിച്ചതും റിക്ലത്തണിന്റെ കൈകള്‍ വിക്കറ്റ് തെറുപ്പിച്ചു. പിന്നാലെ പോറലിന്റെ വിക്കറ്റ് വിവാദമായി. താരം ക്രീസിലുണ്ടായിരുന്നിട്ടും അംപയര്‍ ഔട്ട് വിധിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ പോറല്‍ ഔട്ടെന്ന് വ്യക്തമായിരുന്നു. കാരണം അത്രവേഗത്തിലായിരുന്നു റിക്ലത്തണ്‍ സ്റ്റമ്പിന്റെ ബെയ്ല്‍സുകള്‍ ഇളക്കിമാറ്റിയത്.

മിന്നല്‍ സ്റ്റമ്പിങ്ങില്‍ ധോണിയെ ഓര്‍മിപ്പിക്കുന്ന മികവാണ് റിക്ലത്തണിന്റേത്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ മാത്രമല്ല മുന്നിലും അദ്ദേഹത്തിന്റെ പ്രകടനം ഏറെ മികച്ചതാണ്. 13 മത്സരങ്ങളില്‍ നിന്നായി നേടിയത് 361 റണ്‍സ്. സീസണില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം ഉറപ്പാക്കിയ ഓപണര്‍. സീസണില്‍ വിക്കറ്റിന് പിന്നില്‍ കൂടുതല്‍ ഇരകളെ വീഴ്ത്തിയ വിക്കറ്റ് കീപ്പര്‍. അങ്ങനെ പോകുന്ന ഈ സീസണിലെ റിക്ലത്തണിന്റെ നേട്ടങ്ങള്‍.

ദക്ഷിണാഫ്രിക്ക ക്രിക്കറ്റില്‍ നിന്നാണ് റയാന്റെ വരവ്. 2022ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷയായ താരം. മധ്യനിരയിലായിരുന്നു റയാന്‍ കളി തുടങ്ങിയത്. എന്നാല്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അഭാവം ഏകദിനത്തിൽ റയാനെ ഓപണറുടെ റോളിലേക്കുയര്‍ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് ഏത് റോളിലും റയാന്‍ കളത്തിലെത്തും.

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് റയാനെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെത്തിച്ചു. സീസണിലെ ആദ്യ മത്സരങ്ങളില്‍ റയാന്‍ അത്ര മികവ് പുറത്തെടുത്തിരുന്നില്ല. എന്നാല്‍ അതിവേഗം റണ്‍സെടുക്കാനുള്ള റയാന്റെ കഴിവ് മുംബൈ തിരിച്ചറിഞ്ഞു. ഇന്നയാള്‍ രോഹിത് ശര്‍മയുടെ സഹഓപണറാണ്. ഇഷാന്‍ കിഷന് പകരമായി ഇതിലും മികച്ച താരത്തെ മുംബൈ ഇന്ത്യന്‍സിന് ലഭിക്കാനുമില്ല.

Content Highlights: Ryan Rickelton's stunning stumping to dismiss Abishek Porel

To advertise here,contact us