IPL 2025: ജേക്കബ് ബെഥലിന് പകരക്കാരൻ ടിം സൈഫേർട്ട്, പ്രഖ്യാപിച്ച് ആർസിബി

ന്യൂസിലാൻഡിന്റെ വെടിക്കെട്ട് ബാറ്ററായ വിക്കറ്റ് കീപ്പർക്ക് സ്വാ​ഗതം എന്നാണ് ആർസിബി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ടീമിൽ മാറ്റം. ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന ജേക്കബ് ബെഥലിന് പകരമായി ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടിം സൈഫേർട്ടിനെ ആർസിബി സ്വന്തമാക്കി. നാളെ നടക്കാനിരിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പിന്നാലെ ബെഥൽ നാട്ടിലേക്ക് മടങ്ങും. മെയ് 24നാണ് സൈഫേർട്ട് റോയൽ ചലഞ്ചേഴ്സിനൊപ്പം ചേരുക.

ന്യൂസിലാൻഡിനായി 66 ട്വന്റി 20 മത്സരങ്ങൾ കളിച്ച താരമാണ് സൈഫേർട്ട്. 1,540 റൺസും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ന്യൂസിലാൻഡിന്റെ വെടിക്കെട്ട് ബാറ്ററായ വിക്കറ്റ് കീപ്പർക്ക് സ്വാ​ഗതം എന്നാണ് ആർസിബി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കായി ഇം​ഗ്ലണ്ട് ടീമിലേക്ക് ഫിൽ സോൾട്ട് കൂടി മടങ്ങിയാൽ ആർസിബി നിരയിൽ സൈഫേർട്ടിന്റെ പ്രകടനം നിർണായകമാകും.

ഐപിഎല്ലിൽ 12 മത്സരങ്ങൾ പൂർത്തിയാക്കുന്ന റോയൽ ചലഞ്ചേഴ്സ് എട്ട് വിജയങ്ങൾ സ്വന്തമാക്കി. 17 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ആദ്യ ക്വാളിഫയറിൽ കളിക്കാൻ റോയൽ ചലഞ്ചേഴ്സിന് ഇനിയുള്ള മത്സരങ്ങളിലും വിജയങ്ങൾ നേടേണ്ടതുണ്ട്.

Content Highlights: RCB swaps Jacob Bethell for Tim Seifert

To advertise here,contact us