ഈ ഐപിഎൽ സീസണിനിടെ ഏറ്റവും കൂടുതൽ ട്രോളുകൾ ലഭിച്ച ഒന്നാണ് കളിക്കിടെയുള്ള രാഹുൽ ദ്രാവിഡിന്റെ നോട്ടെഴുത്ത്. ഇന്ത്യയുടെ മുഖ്യ പരിശീലകനായപ്പോളുണ്ടായിരുന്ന ശീലം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലനകനായപ്പോഴും തുടർന്നു. എന്നാൽ ടീം മോശം പ്രകടനത്തിലേക്ക് വീണപ്പോൾ വലിയ വിമർശനമാണ് ദ്രാവിഡിന്റെ ഈ നോട്ടെഴുത്തിന് ലഭിച്ചത്.
ഒരു മത്സരത്തിൽ ഓരോ പന്തുകൾ എറിയുമ്പോഴും എന്താണിത്ര എഴുതാനെന്നായിരുന്നു വിമർശനം. ദ്രാവിഡ് എഴുതുന്നത് പതിനാലുകാരന് വൈഭവ് സൂര്യവംശിയുടെ ഹോം വര്ക്കാണെന്നുപോലും ട്രോളുകള് വരികയും ചെയ്തിരുന്നു. ഇതിനിടെയാണ് താന് എന്താണ് മത്സരങ്ങള്ക്കിടയില് എഴുതിക്കൂട്ടിക്കൊണ്ടിരിക്കുന്നത് എന്ന് ദ്രാവിഡ് തന്നെ മറുപടി നല്കിയത്.
മത്സരത്തിലും സ്കോര് എഴുതാന് ഞാന് ഒരു പ്രത്യേക രീതിയാണ് അവലംബിക്കാറുള്ളതെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി. ഡിജിറ്റൽ സ്കോർ ബോർഡിനേക്കാൾ തനിക്ക് വിശകലനത്തിനും വിലയിരുത്തലിനും ഉപകാരപ്രദമാകുന്നത് തന്റെ പ്രത്യേക രീതിയിലുള്ള എഴുത്താണെന്നും ദ്രാവിഡ് പറഞ്ഞു. സാധാരണ സ്കോർ ബോർഡ് പിന്നീട് മത്സരം കഴിഞ്ഞതിന് ദിവസങ്ങൾക്ക് ശേഷം എടുത്ത് നോക്കുമ്പോൾ മനസിലാകണമെന്നില്ലെന്നും എന്നാൽ ഓരോ മത്സരത്തിലെയും പ്രധാന കാര്യങ്ങൾ അപ്പപ്പോൾ എഴുതിവെക്കുന്നതിലൂടെ കളിയെ എത്ര കാലം കഴിഞ്ഞാലും വീണ്ടും ഓർത്തെടുക്കാൻ കഴിയുമെന്നും ദ്രാവിഡ് പറഞ്ഞു.
അതേസമയം ഇന്ത്യയെ ടി20 ലോകചാമ്പ്യൻമാരാക്കിയ ദ്രാവിഡിന് രാജസ്ഥാൻ റോയൽസിനെ വലിയ നേട്ടത്തിലേക്ക് നയിക്കാനായില്ല.. 14 മത്സരങ്ങളും പൂര്ത്തിയായപ്പോള് നാലു ജയം മാത്രം നേടിയ രാജസ്ഥാന് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Content Highlights: Rahul Dravid Write In His Notebook? RR Coach Shares The Big Secret