IPL 2025: അർധ സെഞ്ച്വറിയോടെ കുതിച്ച് സൂര്യകുമാർ യാദവ്, റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമത്

അതിനിടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ​ഗുജറാത്ത് ടൈറ്റൻസിന്റെ സാ​യി സുദർശൻ തുടരുകയാണ്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റ് സീസണിൽ കൂടുതൽ റൺസ് നേടിയവർക്കായുള്ള ഓറഞ്ച് ക്യാപ് താരങ്ങളുടെ പട്ടികയിൽ മൂന്നാമതെത്തി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ അർധ സെഞ്ച്വറിയാണ് സൂര്യയുടെ മുന്നേറ്റത്തിന് കാരണമായത്. 43 പന്തിൽ പുറത്താകാതെ 73 റൺസാണ് സൂര്യകുമാർ ഡൽഹിക്കെതിരെ നേടിയത്. സീസണിലാകെ 13 മത്സരങ്ങൾ പിന്നിടുന്ന സൂര്യകുമാർ 583 റൺസ് നേടിയിട്ടുണ്ട്.

അതിനിടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ​ഗുജറാത്ത് ടൈറ്റൻസിന്റെ സാ​യി സുദർശൻ തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 617 റൺസാണ് സുദർശൻ ഇതുവരെ നേടിയിരിക്കുന്നത്. ​ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയായ ശുഭ്മൻ ​ഗിൽ 12 മത്സരങ്ങളിൽ നിന്ന് 601 റൺസുമായി രണ്ടാം സ്ഥാനത്തുണ്ട്.

സൂര്യകുമാർ മൂന്നാമത് എത്തിയപ്പോൾ 14 മത്സരങ്ങളിൽ നിന്ന് 559 റൺസ് നേടിയ രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാൾ നാലാം സ്ഥാനത്തായി. 11 മത്സരങ്ങളിൽ നിന്ന് 505 നേടിയ റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്‍ലി അഞ്ചാം സ്ഥാനത്തുണ്ട്.

ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ പ്രസിദ്ധ് കൃഷ്ണ തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ പ്രസിദ്ധ് സ്വന്തമാക്കി കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പർ കിങ്സ് താരം നൂർ അഹമ്മദാണ്. 13 മത്സരങ്ങൾ പിന്നിടുന്ന നൂർ അഹമ്മദും 21 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതുള്ളത് മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടാണ്. 13 മത്സരങ്ങൾ കളിച്ച ബോൾട്ട് 19 വിക്കറ്റുകൾ സ്വന്തമാക്കി. പട്ടികയിൽ നാലാമതുള്ളത് റോയൽ ചലഞ്ചേഴ്സ് താരം ജോഷ് ഹേസൽവുഡാണ്. 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് ഹേസൽവുഡിന്റെ സമ്പാദ്യം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുൺ ചക്രവർത്തി 12 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളും വീഴ്ത്തി അഞ്ചാം സ്ഥാനത്തുണ്ട്.

Content Highlights: Chance for Suryakumar in IPL 2025 Orange Cap race

To advertise here,contact us