ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയത്തിൽ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. 'മത്സരത്തിൽ വിജയിക്കാനായതിൽ സന്തോഷം തോന്നുന്നു. സത്യത്തിൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോർ നേടണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ആ തീരുമാനം മാറ്റുകയായിരുന്നു. ഒരു യുവ ബൗളിങ് നിര രാജസ്ഥാനുണ്ട്. നിലവിൽ സന്ദീപ് ശർമയും ജൊഫ്ര ആർച്ചറും രാജസ്ഥാൻ റോയൽസിനൊപ്പമില്ല. എന്നിട്ടും മികച്ച ബൗളിങ് പുറത്തെടുക്കാൻ യുവതാരങ്ങൾ ശ്രമിച്ചു. അവർ മികച്ച ഭാവിയുള്ള ചെറുപ്പക്കാരാണ്.' മത്സരത്തിന് പിന്നാലെ സഞ്ജു സാംസൺ പ്രതികരിച്ചു.
ആകാശ് മദ്വാളിന്റെ ബൗളിങ്ങിനെക്കുറിച്ചും സഞ്ജു സംസാരിച്ചു. 'കഴിഞ്ഞ നാല് മത്സരങ്ങളിലും ആകാശ് കളിച്ചു. ന്യൂസിലാൻഡ് മുൻ താരം ഷെയ്ൻ ബോണ്ട് താരത്തിന് പിന്തുണ നൽകുന്നുണ്ട്. രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ മദ്വാളിന്റെ കഠിനാധ്വാനം കണ്ടവരാണ്. രാജസ്ഥാൻ റോയൽസ് മദ്വാളിന്റെ പ്രകടത്തിൽ സന്തോഷത്തിലാണ്.' സഞ്ജു വ്യക്തമാക്കി.
വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിക്കാൻ വാക്കുകളില്ലെന്നാണ് സഞ്ജു പ്രതികരിച്ചത്. 'സ്ലോവർ ബോളുകൾ കവറിന് മുകളിലൂടെ ഉയർത്തി അടിക്കാൻ വൈഭവിന് കഴിയും. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മധ്യഓവറുകളിൽ വളരെ നന്നായി വൈഭവ് ബാറ്റ് ചെയ്തു. ഇത്ര ചെറുപ്രായത്തിൽ തന്നെ വൈഭവിന് ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുണ്ട്.' സഞ്ജു പറഞ്ഞു.
ആറ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് രാജസ്ഥാൻ റോയൽസ് ചെന്നൈയ്ക്കെതിരെ നേടിയത്. രാജസ്ഥാൻ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് ലക്ഷ്യം മറികടന്നു.
Content Highlights: We were thinking should we bat first and set a score: Sanju Samson