ഐപിഎല്ലിൽ ഇന്ന് മരണക്കളി; പ്ലേ ഓഫ് സാധ്യത ശേഷിക്കുന്ന മുംബൈയും ഡൽഹിയും നേർക്കുനേർ

ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

ഐപിഎല്ലിൽ ഈ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാവും ഇന്ന് വാംഖഡെ സ്റ്റേഡിയം സാക്ഷിയാവുക. പ്ലേ ഓഫ് സാധ്യത ഉണ്ടായിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൂടി പുറത്തായതോടെ നാളത്തെ മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം അതി നിര്‍ണായകമാകും. ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഇതോടെ ഇനിയുള്ള ഒരു സ്ലോട്ടിലേക്കുള്ള സാധ്യത ഡൽഹിക്കും മുംബൈയ്ക്കുമായി.

ഇന്ന് മുംബൈ ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫിലെത്താതെ പുറത്താകും. 12 കളിയില്‍ 14 പോയിന്റുളള മുംബൈ ഇന്ത്യന്‍സിന് ഇന്നത്തേത് ഉള്‍പ്പടെ രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. രണ്ടും ജയിച്ചാല്‍ മുംബൈയ്ക്ക് 18 പോയിന്റാവും. 13 പോയിന്റുളള ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കുക മാത്രമല്ല, മുംബൈ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം.

മുംബൈ തോറ്റാല്‍ പഞ്ചാബ് കിങ്സിനെതിരായ അവസാന മത്സരം ഡല്‍ഹിയ്ക്ക് ജീവന്‍മരണ പോരാട്ടമാകും. അല്ലെങ്കില്‍ ലഖ്‌നൗവിന്റെയും മുംബൈയുടെയും അവസാന മത്സര ഫലങ്ങളെ ഡല്‍ഹിയ്ക്ക് ആശ്രയിക്കേണ്ടിവരും.

അതേസമയം ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽആറ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് രാജസ്ഥാൻ റോയൽസ് ചെന്നൈയ്ക്കെതിരെ നേടിയത്. രാജസ്ഥാൻ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് ലക്ഷ്യം മറികടന്നു.

Content Highlights: IPL | Mumbai Indians vs Delhi Capitals

To advertise here,contact us