'കണ്ണ് തിരുമ്മാനും പാടില്ലേ?'; അരങ്ങേറ്റ മത്സരത്തിൽ ഔട്ടായപ്പോൾ കരഞ്ഞെന്ന പ്രചാരണം തള്ളി വൈഭവ്; വീഡിയോ

രാജസ്ഥാൻ റോയൽസ് പങ്കുവച്ച വിഡിയോയിലാണ്, അരങ്ങേറ്റ മത്സരത്തിൽ പുറത്തായപ്പോൾ കണ്ണീരണിഞ്ഞുവെന്ന താരത്തിലുള്ള പ്രചാരണങ്ങൾ വൈഭവ് തള്ളിക്കളഞ്ഞത്.

ഐപിഎല്ലിന്റെ ഈ സീസണിലെ മുഴുവൻ മത്സരങ്ങളും രാജസ്ഥാൻ റോയൽസ് കളിച്ചുതീർന്നപ്പോൾ ഗംഭീര പ്രകടനമാണ് 14കാരന്‍ വൈഭവ് സൂര്യവംശി നടത്തിയത്. സീസണിൽ ഏഴ് മത്സരങ്ങൾ മാത്രം കളിച്ച വൈഭവ് 206 സ്ട്രൈക്ക് റേറ്റിൽ 252 റൺസ് നേടുകയും ചെയ്തു. ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിൽ താരം അർധ സെഞ്ച്വറി നേടി. 33 പന്തിൽ നാല് സിക്‌സും നാല് ഫോറും അടക്കം 57 റൺസ് നേടിയ വൈഭവ് തന്നെയായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറർ.

അതേസമയം കഴിഞ്ഞ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് ശേഷം താരം സീസണിലെ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെച്ചു. പഞ്ചാബ് താരങ്ങളുടെ ചോദ്യങ്ങളോട് മറുപടി പറഞ്ഞ കൗമാരക്കാരൻ അരങ്ങേറ്റ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുകൊണ്ടാണ് കളംവിട്ടതെന്ന പ്രചാരണം തള്ളി പുറത്തായപ്പോൾ കരഞ്ഞിട്ടില്ലെന്നും, വെളിച്ചമടിച്ച് കണ്ണ് വേദനിച്ചപ്പോൾ തിരുമ്മുക മാത്രമാണ് ചെയ്തതെന്നും വൈഭവ് വെളിപ്പെടുത്തി.

രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിലാണ്, അരങ്ങേറ്റ മത്സരത്തിൽ പുറത്തായപ്പോൾ കണ്ണീരണിഞ്ഞുവെന്ന താരത്തിലുള്ള പ്രചാരണങ്ങൾ വൈഭവ് തള്ളിക്കളഞ്ഞത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു ശേഷം പഞ്ചാബിന്റെ യുവതാരം മുഷീർ ഖാനുമായി സംസാരിക്കുമ്പോഴാണ്, എന്താണ് സംഭവിച്ചതെന്ന് വൈഭവ് വെളിപ്പെടുത്തിയത്.

‘‘അതിന് ഞാൻ എപ്പോഴാണ് കരഞ്ഞത്? എന്താണ് സംഭവിച്ചതെന്ന് ഞാൻ വിശദീകരിക്കാം. എന്റെ കണ്ണിന് നല്ല വേദനയുണ്ടായിരുന്നു. ഔട്ടായ സമയത്ത് ഞാൻ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിലേക്കു നോക്കിയപ്പോൾ വെളിച്ചം എന്റെ കണ്ണിലടിച്ചു. അതോടെ ഞാൻ കണ്ണു തിരുമ്മിയതാണ് കരഞ്ഞതായി വ്യാഖ്യാനിക്കുന്നത്’, വൈഭവ് വിശദീകരിച്ചു. ‘ഞാൻ ഗാലറിയിലേക്ക് എത്തിയപ്പോൾ മുതൽ എന്തിനാണ് കരഞ്ഞതെന്ന് ആളുകൾ അന്വേഷിക്കുന്നുണ്ടായിരുന്നു. സത്യത്തിൽ ഞാൻ കരഞ്ഞിട്ടില്ല. കണ്ണിന് വേദന തോന്നിയപ്പോൾ തിരുമ്മി എന്ന് മാത്രമേയുള്ളൂ’ വൈഭവ് കൂട്ടിച്ചേർത്തു.

Content Highlights: Did Vaibhav Suryavanshi Cry After Getting Out on IPL Debut? 

To advertise here,contact us