DC-MI മത്സരത്തിന് മണിക്കൂറുകൾ മാത്രം; വേദിമാറ്റം ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ഉടമ

ഇക്കാര്യം അറിയിച്ചുകൊണ്ട് ജിൻഡൽ ബിസിസിഐക്ക് കത്തെഴുതുകയും ചെയ്തു

ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് - മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ വേദിമാറ്റം ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർഥ് ജിൻഡൽ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിന് മഴഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് വേദിമാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് ജിൻഡൽ ബിസിസിഐക്ക് കത്തെഴുതുകയും ചെയ്തു.

'മുംബൈയിലെ കാലാവസ്ഥ റിപ്പോർട്ടുകൾ കനത്ത മഴ പ്രവചിക്കുന്നു. മത്സരം ഉപേക്ഷിക്കുവാനുള്ള സാധ്യതയുണ്ട്. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദ് - റോയൽ ചലഞ്ചേഴ്സ് മത്സരത്തിന്റെ വേദിമാറ്റിയിരുന്നു. അതുപോലെ ഡൽഹി ക്യാപിറ്റൽസ് - മുംബൈ ഇന്ത്യൻസ് മത്സരവും മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.' പാർഥ് ജിൻഡൽ ബിസിസിഐയെ അറിയിച്ചതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു.

മുംബൈയിൽ ഈ ദിവസങ്ങളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഡൽഹി-മുംബൈ മത്സരത്തിന് മുമ്പായി ഇന്നലെ നടക്കേണ്ടിയിരുന്നു ഇരുടീമുകളുടെയും പരിശീലനം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഐപിഎൽ സീസണിൽ പ്ലേ ഓഫിലെ നാലാമത്തെ ടീമാകാനുള്ള മത്സരം മുംബൈയും ഡൽഹിയും തമ്മിലാണ്.

ഐപിഎൽ സീസണിൽ 12 മത്സരങ്ങൾ പിന്നിടുന്ന മുംബൈ ഏഴ് വിജയങ്ങൾ ഉൾപ്പെടെ 14 പോയിന്റ് നേടിയിട്ടുണ്ട്. 12 മത്സരങ്ങളിൽ നിന്ന് ആറ് വിജയം നേടിയ ഡൽഹി 13 പോയിന്റ് നേടിയിട്ടുണ്ട്.

Content Highlights: DC Co-Owner Asks BCCI To Shift IPL 2025 Clash With MI Out Of Mumbai

To advertise here,contact us