ഐപിഎൽ സീസണിൽ അഞ്ച് തവണ ആദ്യം ബാറ്റ് ചെയ്തപ്പോഴും CSKയ്ക്ക് തോൽവി

ഒടുവിൽ ഇന്നലത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോടാണ് ചെന്നൈ ആദ്യം ബാറ്റ് ചെയ്തിട്ടും തോൽവി വഴങ്ങിയത്

ഐപിഎൽ സീസണിൽ ആദ്യം ബാറ്റ് ചെയ്ത് ഒരു മത്സരം പോലും വിജയിക്കാനാകാതെ ചെന്നൈ സൂപ്പർ കിങ്സ്. ഈ സീസണിൽ അഞ്ച് മത്സരങ്ങളിലാണ് ചെന്നൈ ആദ്യം ബാറ്റ് ചെയ്തത്. അഞ്ച് മത്സരങ്ങളിലും ചെന്നൈയ്ക്ക് തോൽവി വഴങ്ങേണ്ടി വന്നു. ഒടുവിൽ ഇന്നലത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോടാണ് ചെന്നൈ ആദ്യം ബാറ്റ് ചെയ്തിട്ടും തോൽവി വഴങ്ങിയത്.

രാജസ്ഥാൻ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് ലക്ഷ്യം മറികടന്നു. ആറ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് രാജസ്ഥാൻ റോയൽസ് ചെന്നൈയ്ക്കെതിരെ നേടിയത്.

ചെന്നൈയ്ക്ക് വേണ്ടി ആയുഷ് മാത്രെയും ഡെവാള്‍ഡ് ബ്രെവിസും തിളങ്ങി. 19 പന്തില്‍ 43 റൺസാണ് മാത്രെ നേടിയത്. ബ്രെവിസ് 25 പന്തിൽ 42 റൺസ് നേടി. ശിവം ദുബെ 32 പന്തിൽ 39 റൺസ് സംഭാവന ചെയ്തു. രാജസ്ഥാൻ ബൗളിങ് നിരയിൽ യുധ്‌വീര്‍ സിങ്, ആകാശ് മദ്‍വാൾ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച രാജസ്ഥാൻ റോയൽസിന് വേണ്ടി 33 പന്തിൽ 57 റൺസ് നേടിയ വൈഭവ് സൂര്യവംശി, 31 പന്തിൽ 41 റൺസ് നേടിയ സഞ്ജു സാംസൺ, 19 പന്തിൽ 36 റൺസ് നേടിയ യശ്വസി ജയ്‌സ്വാൾ എന്നിവർ തിരിച്ചടിച്ചു. 12 പന്തിൽ 31 റൺസും നേടിയ ധ്രുവ് ജുറേലാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.

Content Highlights: CSK lost all five matches while defending in IPL 2025

To advertise here,contact us