ഏകാന സ്റ്റേഡിയത്തിൽ ആദ്യമായി 200ലധികം റൺസ് ചെയ്സ് ചെയ്തു; SRHന് IPLൽ ചരിത്ര നേട്ടം

സ്വന്തം സ്റ്റേഡിയത്തിൽ ലഖ്നൗ സൂപ്പർ ജയന്റസ് നേടിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് മറികടന്നു

ഉത്തർപ്രദേശിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചരിത്ര നേട്ടവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ഐപിഎല്ലിൽ ഇതാദ്യമായി ഒരു ടീം ഏകാനയിൽ 200ലധികം റൺസ് പിന്തുടർന്ന് വിജയിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി. മുമ്പ് ഈ സീസണിൽ ലഖ്നൗ നേടിയ ഏഴ് വിക്കറ്റിന് 171 എന്ന സ്കോർ പഞ്ചാബ് കിങ്സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നിരുന്നു. ഇതായിരുന്നു ഏകാനയിലെ ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന റൺചെയ്സ്.

മിച്ചൽ മാർഷും എയ്ഡാൻ മാർക്രവും നിക്കോളാസ് പുരാനും നന്നായി കളിച്ചതാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തിൽ ആറ് ഫോറും നാല് സിക്സറും സഹിതം മാർഷ് 65 റൺസെടുത്തു. 38 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം മാർക്രം 61 റൺസാണ് നേടിയത്. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തിരുന്നു. മധ്യനിരയിൽ 26 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം നിക്കോളാസ് പുരാൻ 45 റൺസും സംഭാവന ചെയ്തു. രണ്ട് വിക്കറ്റെടുത്ത ഇഷാൻ മലിം​ഗയാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിൽ വമ്പൻ ടോട്ടൽ അഭിഷേക് ശർമയുടെ വെടിക്കെട്ടിൽ സൺറൈസേഴ്സ് തിരിച്ചടിക്കാൻ തുടങ്ങി. 20 പന്തുകൾ മാത്രം നേരിട്ട് നാല് ഫോറും ആറ് സിക്സറും സഹിതം 59 റൺസാണ് അഭിഷേക് നേടിയത്. 28 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 35 റൺസെടുത്ത ഇഷാൻ കിഷൻ അഭിഷേകിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു.

അഭിഷേക്-കിഷൻ സഖ്യം പുറത്തായതോടെ ഹെൻ‍റിച്ച് ക്ലാസനും കമിന്ദു മെൻഡിസും സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചു. 28 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം 47 റൺസെടുത്ത് ക്ലാസൻ പുറത്തായി. 21 പന്തിൽ മൂന്ന് ഫോറുകളോടെ 32 റൺസെടുത്ത കമിന്ദു മെൻഡിസ് പരിക്കിനെ തുടർന്ന് റിട്ടയർഡ് ഹർട്ടാകുകയാണ് ചെയ്തത്. അപ്പോഴേയ്ക്കും സൺറൈസേഴ്സ് വിജയം ഉറപ്പിച്ചിരുന്നു. പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയും അനെകിത് വർമെയും ചേർന്ന് സൺറൈസേഴ്സിനെ വിജയത്തിലെത്തിച്ചു.

Content Highlights: SRH scripted history by first ever 200 plus chase in Ekana

To advertise here,contact us