കോഹ്‌ലിയും രോഹിതും പിന്നീട് ദുഃഖിക്കും; വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്ന് യോഗ്‌രാജ് സിങ്

രോഹിതിനും വിരാടിനും ഇനിയും പത്തുവർഷം വരെ കളിക്കാനാകുമെന്നും വേണമെങ്കിൽ രോഹിത്തിന് താൻ ഫിറ്റ്നസ് ടിപ്പുകൾ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിന്റെ രക്ഷയ്ക്കായി രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും യുവ്‍രാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. ഇത് രാജ്യത്തെ ബാധിക്കുന്ന കാര്യമാണെന്നും യുവിയോട് വിരാടിനെ വിളിച്ച് വിരമിക്കരുതെന്ന് പറയാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം ഇംഗ്ലണ്ടിനെതിരായ പര്യടനം ആരംഭിക്കാനിരിക്കേ രോഹിതിന്റെയും വിരാടിന്റെയും തീരുമാനം പക്വതയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രോഹിതിനും വിരാടിനും ഇനിയും പത്തുവർഷം വരെ കളിക്കാനാകുമെന്നും വേണമെങ്കിൽ രോഹിത്തിന് താൻ ഫിറ്റ്നസ് ടിപ്പുകൾ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '2011 ല്‍ യുവ്‍രാജ് സിങ്, ഹര്‍ഭജന്‍ സിങ്, വിരേന്ദര്‍ സെവാഗ് എന്നിവരെ വ്യക്തമായ കാരണമില്ലാതെയാണ് പുറത്താക്കിയത്. യുവരാജ് വിരമിച്ചപ്പോള്‍ ഞാന്‍ അവനെ ശകാരിച്ചു. അവനിപ്പോഴും ഫിറ്റാണ്. എന്നാൽ ഒരുപ്രായം കഴിഞ്ഞാൽ പുറംതള്ളുന്ന ശീലമാണ് ബിസിസിഐക്കുള്ളത്. അത് തിരുത്തണം', യോഗ്‌രാജ് ആവർത്തിച്ചു.

അതേ സമയം രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണ്‍ 20-ന് ഇംഗ്ലണ്ട് പര്യടനം തുടങ്ങാനിരിക്കേയാണ് ഇരുവരുടെയും വിരമിക്കൽ. അഞ്ചു ടെസ്റ്റുകളടങ്ങുന്നതാണ് പരമ്പര. രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തില്‍ തലമുറമാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇതുവരെയും ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights:'Save Indian cricket': Yograj Singh urges Rohit Sharma, Virat Kohli to reconsider Test retirement

To advertise here,contact us