ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു; RCB-SRH മത്സരം ലഖ്‌നൗവിലേക്ക് മാറ്റി

ബെം​ഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മെയ് 23ന് ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി. ഇതുകൂടാതെ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരവും ആർസിബിക്ക് ലഖ്‌നൗവിൽ കളിക്കേണ്ടി വരും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിൽ ശക്തമായ മഴയാണ് പെയ്തത്. നഗരങ്ങളിലെ പല ഭാഗങ്ങളിലും വലിയ വെള്ളകെട്ടുകളുമുണ്ടായിരുന്നു. ബെം​ഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 17 ന് ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ആർസിബി-കെകെആർ മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് വിരമിക്കലുമായി ബന്ധപ്പെട്ട് വെള്ള ജഴ്‌സിയിൽ കളത്തിലിറങ്ങാനാണ് അന്ന് ആർസിബി തീരുമാനിച്ചിരുന്നത്. ആരാധകരും ഗ്യാലറിയിൽ തടിച്ചുകൂടിയിരുന്നു. എന്നാൽ ഏവരെയും നിരാശപ്പെടുത്തി മഴ തിമിർത്തുപെയ്തു. അതേ സമയം നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ബെംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിൽ കയറികൂടാനാണ് കോഹ്‌ലിയും സംഘവും ലക്ഷ്യമിടുന്നത്.

Content Highlights: Heavy rain continues in Bengaluru; RCB-SRH match shifted to Lucknow

To advertise here,contact us