ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിരയിൽ കളിക്കാൻ സിംബാബ്വെ പേസർ ബ്ലെസിങ് മുസറബാനി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായി ലുൻഗി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങിയതോടെയാണ് സിംബാബ്വെ പേസർക്ക് ഐപിഎൽ കളിക്കാൻ അവസരമൊരുങ്ങുന്നത്. മെയ് 26ന് നടക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന് മുമ്പ് മുസറബാനി റോയൽ ചലഞ്ചേഴ്സ് ടീമിനൊപ്പം ചേരും.
നിലവിൽ ഇംഗ്ലണ്ടിനെതിരെ മെയ് 22ന് ആരംഭിക്കുന്ന ഒരു ടെസ്റ്റിന്റെ പരമ്പരയിൽ സിംബാബ്വെ നിരയിൽ ബ്ലെസിങ് മുസറബാനിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസത്തെ ഈ ടെസ്റ്റ് മത്സരത്തിന് പിന്നാലെയാകും താരം ഐപിഎല്ലിനായി ഇന്ത്യയിലേക്കെത്തുക. അതിനിടെ ജൂൺ മൂന്ന് മുതൽ ദക്ഷിണാഫ്രിക്കയിൽ സിംബാബ്വെയ്ക്ക് മറ്റൊരു ടെസ്റ്റ് പരമ്പര കൂടിയുണ്ട്. ജൂൺ മൂന്നിനാണ് ഐപിഎൽ ഫൈനലും നിശ്ചയിച്ചിരിക്കുന്നത്.
ഐപിഎല്ലിൽ 12 മത്സരങ്ങളിൽ എട്ട് ജയവും മൂന്ന് തോൽവിയുമുള്ള റോയൽ ചലഞ്ചേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. സീസണിൽ പ്ലേ ഓഫിലും റോയൽ ചലഞ്ചേഴ്സ് കടന്നിട്ടുണ്ട്. ഇതോടെ സീസണിൽ കിരീടനേട്ടത്തിന് ഓരോ താരങ്ങളുടെയും സാന്നിധ്യവും മികച്ച പ്രകടനവും റോയൽ ചലഞ്ചേഴ്സിന് നിർണായകമാണ്.
Content Highlights: RCB pick Zimbabwe pacer Blessing Muzarabani as Lungi Ngidi's replacement