ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ പിന്മാറിയേക്കും; പാകിസ്താനെതിരെ നിര്‍ണായക നീക്കത്തിന് ബിസിസിഐ

സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുരുഷന്മാരുടെ ഏഷ്യാ കപ്പിന് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിര്‍ണായക നീക്കത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 2025ലെ ഏഷ്യാ കപ്പില്‍ നിന്നും പാകിസ്താനില്‍ നടക്കാനിരിക്കുന്ന വനിതാ എമേര്‍ജിങ് ടീംസ് ഏഷ്യാകപ്പില്‍ നിന്നും ഇന്ത്യന്‍ ടീമുകള്‍ പിന്മാറുമെന്ന കാര്യം ഐസിസിയെ ബിസിസിഐ അറിയിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

🚨 INDIA OPTS OUT FROM ASIA CUP. 🚨- The BCCI decides to not participate in the upcoming Asia Cup. (Express Sports). pic.twitter.com/DARU2lameb

പാകിസ്താനുമായി സമീപകാലത്ത് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബിസിസിഐ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയാണ് നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിലിനെ നയിക്കുന്നത്. ഇതിനുപിന്നാലെയാണ് എസിസിയുടെ ടൂര്‍ണമെന്‍റുകള്‍ ഒഴിവാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നത്.

'പാകിസ്താന്‍ മന്ത്രി തലവനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് കളിക്കാന്‍ കഴിയില്ല. അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേര്‍ജിംഗ് ടീമുകളുടെ ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങള്‍ എസിസിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ അവരുടെ പരിപാടികളിലെ ഞങ്ങളുടെ ഭാവി പങ്കാളിത്തവും നിര്‍ത്തിവച്ചിരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുരുഷന്മാരുടെ ഏഷ്യാ കപ്പിന് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. നിലവിലെ തീരുമാനം ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യ ചിഹ്നം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. ബിസിസിഐയുടെ നിലപാടില്‍ മാറ്റം ഉണ്ടാകാത്ത പക്ഷം ഏഷ്യാ കപ്പ് തല്‍ക്കാലം മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്.

Content Highlights: BCCI Set To Opt Out Of Asia Cup 2025

To advertise here,contact us