ഫൈനൊന്നും ഒരു പ്രശ്നമല്ല, അഭിഷേകിനെ ചൊറിഞ്ഞ് ദി​ഗ്‍വേഷ്; തർക്കത്തിലേക്ക് നീങ്ങി താരങ്ങൾ

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന സൺറൈസേഴ്സ് ഇന്നിങ്സിന്റെ എട്ടാം ഓവറിലാണ് സംഭവം

ഐപിഎല്ലിൽ നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയതിൽ രണ്ട് തവണ ഫൈൻ ലഭിച്ച ലഖ്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്‍വേഷ് രാതി വീണ്ടും കടുത്ത വിക്കറ്റ് ആഘോഷവുമായി രം​ഗത്ത്. ഇത്തവണ സൺറൈസേഴ്സ് താരം അഭിഷേക് ശർമയെ പ്രകോപിപ്പിച്ചാണ് ദി​ഗ്‍വേഷ് വിക്കറ്റ് ആഘോഷം നടത്തിയത്. പിന്നാലെ ഇരുതാരങ്ങളും തമ്മിൽ ​ഗ്രൗണ്ടിൽ തർക്കവും ഉണ്ടായി.

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന സൺറൈസേഴ്സ് ഇന്നിങ്സിന്റെ എട്ടാം ഓവറിലാണ് സംഭവം. ദി​ഗ്‍വേഷ് രാതി എറിഞ്ഞ പന്തിൽ കവറിന് മുകളിലൂടെ സിക്സർ പറത്താനായിരുന്നു അഭിഷേകിന്റെ ശ്രമം. എന്നാൽ അവിടെ ഫീൽഡിലുണ്ടായിരുന്ന ഷാർദുൽ താക്കൂർ അഭിഷേകിന്റെ ഷോട്ട് കൈപ്പിടിയിലാക്കി. 20 പന്തുകൾ മാത്രം നേരിട്ട് നാല് ഫോറും ആറ് സിക്സറും സഹിതം 59 റൺസാണ് അഭിഷേക് നേടിയത്.

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ അഭിഷേക് ഡ​ഗ്ഔട്ടിലേക്ക് മടങ്ങവെയാണ് ദി​ഗ്‍വേഷ് രാതിയുടെ പ്രകോപനമുണ്ടായത്. ആദ്യം അഭിഷേകിനെ നോക്കി വലതുകൈയ്യിലെ വിരലുകൾ ഇളക്കിയ രാതി പിന്നാലെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങൂ എന്ന രീതിയിൽ കൈകൊണ്ട് ആം​ഗ്യവും കാണിച്ചു. ഇതോടെ തിരിച്ചെത്തി അഭിഷേക് ​ദി​ഗ്‍വേഷിനോട് ചൂടായി. വിട്ടുകൊടുക്കാൻ ദി​ഗ്‍വേഷും തയ്യാറാകാതിരുന്നതോടെ ഇരുതാരങ്ങളും തമ്മിലുള്ള തർക്കം ശക്തമായി. ഒടുവിൽ അംപയർമാരും സഹതാരങ്ങളും ഇടപെട്ടാണ് ഇരുവരെയും ശാന്തമാക്കിയത്. എങ്കിലും നിന്റെ മുടിപിടിച്ച് വലിക്കുമെന്ന് പറഞ്ഞാണ് അഭിഷേക് മടങ്ങിയത്.

Lit Abhishek Sharma 🗿🥵🔥 pic.twitter.com/zyBhiQxByJ

മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 206 റൺസാണ് സൺറൈസേഴ്സിന് വിജയിക്കാൻ വേണ്ടത്. നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മിച്ചൽ മാർഷും എയ്ഡാൻ മാർക്രവും നിക്കോളാസ് പുരാനും നന്നായി കളിച്ചതാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തിൽ ആറ് ഫോറും നാല് സിക്സറും സഹിതം മാർഷ് 65 റൺസെടുത്തു. 38 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം മാർക്രം 61 റൺസാണ് നേടിയത്. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തിരുന്നു.

മധ്യനിരയിൽ 26 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം നിക്കോളാസ് പുരാൻ 45 റൺസും സംഭാവന ചെയ്തു. രണ്ട് വിക്കറ്റെടുത്ത ഇഷാൻ മലിം​ഗയാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്.

Content Highlights:  Abhishek Sharma, Digvesh Rathi Involved In A Nasty Word Exchange

To advertise here,contact us