തകർത്തടിച്ച് ജയ്സ്വാളും സൂര്യവംശിയും; പവർപ്ലേയിൽ പവറായി രാജസ്ഥാൻ

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഉയർത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം. ഓപണർമാരായ യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി എന്നിവരുടെ തകർപ്പൻ ബാറ്റിങാണ് രാജസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. ഇതിനിടെ സൂര്യവംശിയുടെ വിക്കറ്റാണ് റോയൽസിന് നഷ്ടമായത്.

15 പന്തില്‍ 40 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയെ ഹർപ്രീത് ബ്രാർ ആണ് പുറത്താക്കിയത്. നാല് ഫോറും നാല് സിക്സറും ഉൾപ്പെടുന്നതാണ് സൂര്യവംശിയുടെ ഇന്നിങ്സ്. എന്നാൽ പവർപ്ലേയ്ക്ക് പിന്നാലെ രാജസ്ഥാൻ താരങ്ങൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാക്കി. 25 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം 50 റൺസുമായി ജയ്സ്വാൾ പുറത്തായി. സഞ്ജു 20 റൺസോടെയും പരാ​ഗ് 13 റൺസോടെയും വിക്കറ്റ് നഷ്ടപ്പെടുത്തി. 14 ഓവർ പിന്നിടുമ്പോൾ രാജസ്ഥാൻ റോയൽസ് നാല് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിലാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ നേഹൽ വധേര, ശശാങ്ക് സിങ് എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. തകർച്ചയോടെയാണ് പഞ്ചാബ് കിങ്സ് ബാറ്റിങ് തുടങ്ങിയത്. പ്രിയാൻഷ് ആര്യ ഒമ്പത്, പ്രഭ്സിമ്രാൻ സിങ് 21, മിച്ചൽ ഓവൻ പൂജ്യം എന്നിവർ മടങ്ങിയപ്പോൾ പഞ്ചാബിന് നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് മാത്രം. പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 30, നേഹൽ വധേര 70, ശശാങ്ക് സിങ് പുറത്താകാതെ 59 എന്നിവർ നന്നായി കളിച്ചു.

37 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം നേഹൽ വധേര 70 റൺസെടുത്തു. ശ്രേയസ് അയ്യരിനൊപ്പം നാലാം വിക്കറ്റിൽ 67 റൺസാണ് വധേര കൂട്ടിച്ചേർത്തത്. പിന്നാലെ വന്ന ശശാങ്ക് സിങ് 30 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. വധേരയ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർക്കാൻ ശശാങ്കിന് കഴിഞ്ഞു.

അവസാന ഓവറുകളിൽ നിർണായക സംഭാവന നൽകിയ അസ്മത്തുള്ള ഒമർസായി പുറത്താകാതെ ഒമ്പത് പന്തിൽ 21 റൺസ് നേടി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ശശാങ്ക് സിങ്ങിനൊപ്പം 60 റൺസാണ് ഒമർസായി കൂട്ടിച്ചേർത്തത്. രാജസ്ഥാൻ റോയൽസിനായി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Vaibhav, Jaiswal quickfire helped RR get a stunning start

To advertise here,contact us