ഐപിഎല്ലിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ടിക്കറ്റെടുത്ത ആരാധകർക്ക് പണം തിരികെ നൽകാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ശനിയാഴ്ച കനത്ത മഴ കാരണം ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
'2025 മെയ് 17ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ ടിക്കറ്റ് സ്വന്തമാക്കിയ എല്ലാവർക്കും അവരുടെ പണം തിരികെ നൽകും. ഓൺലൈനായി ടിക്കറ്റെടുത്തവർക്ക് 10 ദിവസത്തിനുള്ളിൽ അവർ ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിലേക്ക് പണം തിരികെ ലഭിക്കും.' റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. 12 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ എട്ട് വിജയവും മൂന്ന് സമനിലയും ഉൾപ്പെടെ 17 പോയിന്റ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. എന്നാൽ പ്ലേ ഓഫ് ഉറപ്പിക്കാനായി ആർസിബി ഇനിയും കാത്തിരിക്കണം.
ഇന്ന് നടക്കുന്ന മത്സരങ്ങളിൽ പഞ്ചാബ് കിങ്സ് അല്ലെങ്കിൽ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടാൽ ആർസിബിക്ക് ഈ സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമാകാൻ കഴിയും. പഞ്ചാബിന് രാജസ്ഥാൻ റോയൽസും ഡൽഹിക്ക് ഗുജറാത്ത് ടൈറ്റൻസുമാണ് എതിരാളികൾ. അതിനിടെ മത്സരം മഴയെടുത്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.
Content Highlights: RCB Refund Tickets After Match Against KKR Washed Out