കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻ എസ് കെ ട്വൻ്റി 20 ചാംപ്യൻഷിപ്പിൽ തൃശൂരിന് തുടർച്ചയായ രണ്ടാം വിജയം. ഇടുക്കിയെ മൂന്ന് വിക്കറ്റിനാണ് തൃശൂർ തോൽപ്പിച്ചത്. ഇന്ന് ആദ്യം നടന്ന മൽസരത്തിൽ കാസർഗോഡ് മലപ്പുറത്തെ ഏഴ് റൺസിന് പരാജയപ്പെടുത്തി.
മഴയെതുടർന്ന് കാസർഗോഡ് - മലപ്പുറം മത്സരം 13 ഓവർ വീതമാക്കി ചുരുക്കിയിരുന്നു. മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന മികച്ച സ്കോർ ഉയർത്തി. അബ്ദുൾ ഫർഹാൻ്റെയും മൊഹമ്മദ് കൈഫിൻ്റെയും തകർപ്പൻ ബാറ്റിങ്ങാണ് കാസർഗോഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അബ്ദുൾ ഫർഹാൻ 32 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സറും ഉൾപ്പെടെ 56 റൺസും മൊഹമ്മദ് കൈഫ് 21 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 45 റൺസും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം 13 ഓവറിൽ 116 റൺസിൽ എല്ലാവരും പുറത്തായി. 14 പന്തുകളിൽ 33 റൺസ് നേടിയ ക്യാപ്റ്റൻ ആനന്ദ് കൃഷ്ണനാണ് മലപ്പുറത്തിൻ്റെ ടോപ് സ്കോറർ. എ ടി അദ്നാൻ ഒൻപത് പന്തുകളിൽ നിന്ന് 20 റൺസെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ശ്രീഹരി എസ് നായരാണ് കാസർഗോഡ് ബൗളിങ് നിരയിൽ തിളങ്ങിയത്. ആദർശ് കെ രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം മൽസരത്തിൽ ഇടുക്കിയ്ക്കെതിരെ മൂന്ന് വിക്കറ്റിനായിരുന്നു തൃശൂരിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇടുക്കി 19.5 ഓവറിൽ 105 റൺസിന് ഓൾഔട്ടായി. 40 പന്തുകളിൽ 49 റൺസെടുത്ത ജോബിൻ ജോബി മാത്രമാണ് ഇടുക്കി ബാറ്റിങ് നിരയിൽ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷറഫുദ്ദീൻ്റെയും ആതിഫ് ബിൻ അഷ്റഫിൻ്റെയും ബൗളിങ് മികവാണ് ഇടുക്കി ബാറ്റിങ് നിരയെ ചെറിയ സ്കോറിൽ തളച്ചത്. അർജുൻ വേണുഗോപാൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ രണ്ട് ഓവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 33 റൺസെടുത്ത ആകർഷും 25 റൺസെടുത്ത അർജുൻ വേണുഗോപാലുമാണ് തൃശൂരിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചത്. ഇടുക്കിയിക്ക് വേണ്ടി സൗരവ് അരുൺ മൂന്നും അഖിൽ സ്കറിയ, ആനന്ദ് ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: Thrissur and Ernakulam won in KCA NSK t20 championship