RCB-KKR മത്സരത്തിന് മഴഭീഷണി; തിരിച്ചടി ഭയന്ന് രഹാനെയും സംഘവും

ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേ‍ഡിയമാണ് മത്സരത്തിന് വേദിയായി നിശ്ചയിച്ചിരിക്കുന്നത്

ഐപിഎല്ലിൽ ഇന്ന് നടക്കേണ്ട റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മഴഭീഷണി. ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേ‍ഡിയമാണ് മത്സരത്തിന് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. മഴയെ തുട‍ർന്ന് മത്സരം ഉപേക്ഷിച്ചാൽ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. എന്നാൽ മത്സരം നടന്നില്ലെങ്കിൽ അജിൻക്യ രഹാനെ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലിൽ നിന്ന് പുറത്താകും.

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്ന് ഐപിഎൽ ഒരാഴ്ചയോളം നിർത്തിവെച്ചിരുന്നു. നിലവിൽ 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളുമായി 16 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം മഴയെതുടർന്ന് ഉപേക്ഷിച്ചാൽ ആർസിബിക്ക് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താം. എങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാൻ അപ്പോഴും ആർസിബിക്ക് ഒരു മത്സരം വിജയിക്കണം.

അതിനിടെ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച കൊല്‍ക്കത്ത 11 പോയിന്റാണ് നേടിയിട്ടുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കാതെ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് യോ​ഗ്യത ഉറപ്പിക്കാൻ കഴിയില്ല. സീസണിൽ കൊൽക്കത്തയും ആർസിബിയും തമ്മിൽ പരസ്പരം നേരിട്ടത് ഐപിഎൽ ഉദ്ഘാടന മത്സരത്തിലാണ്. അന്ന് റോയൽ ചലഞ്ചേഴ്സിനായിരുന്നു വിജയം.

Content Highlights: Rain Threat Looms Large As RCB vs KKR Match

To advertise here,contact us