രാജ്യം വീണ്ടും ഐപിഎൽ ആരവങ്ങൾക്ക് കാതോർക്കും. ഇന്ത്യ– പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇന്ന് പുനഃരാരംഭിക്കുകയാണ്. എട്ട് ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല് വീണ്ടും ആരംഭിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ പോരാട്ടത്തോടെയാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വീണ്ടും തുടക്കമാവുക. ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് ആർസിബി-കെകെആർ പോരാട്ടം.
The contest that launched #IPL2025 in March kicks off its restart - it's RCB vs KKR tonight 🍿 pic.twitter.com/UtnhAL3ekc
പുതുക്കിയ ഷെഡ്യൂളിൽ ബെംഗളൂരു, ജയ്പൂർ, ഡൽഹി, ലഖ്നൗ, മുംബൈ, അഹമ്മദാബാദ് എന്നീ വേദികളിൽ മാത്രമാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് സീസണിൽ ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചൈസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ ബിസിസിഐ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
ഐപിഎൽ 18-ാം സീസണിലെ ചാംപ്യന്മാർ ആരെന്ന് ജൂൺ മൂന്നിന് നടക്കുന്ന കലാശപ്പോരിൽ അറിയാം. ഇനിയുള്ള മത്സരങ്ങൾ പ്ലേ ഓഫ് നിർണയിക്കുമെന്നതിനാൽ ഇടവേളയ്ക്കുശേഷമുള്ള പോരാട്ടങ്ങൾക്ക് ചൂടേറും. നിലവിൽ മൂന്ന് ടീമുകൾ പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായിട്ടുണ്ട്. എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാന് റോയല്സ്, സണ്റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് ലീഗ് ഘട്ടത്തില് തന്നെ പുറത്തായത്. ബാക്കിയുള്ള ഏഴ് ടീമുകളിൽ ആരൊക്കെയാണ് പ്ലേ ഓഫ് കടക്കുമെന്ന് വൈകാതെ അറിയാം.
ഗുജറാത്ത് ടൈറ്റൻസ് (16 പോയന്റ്), റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (16 ), പഞ്ചാബ് കിങ്സ് (15), മുംബൈ ഇന്ത്യൻസ് (14), ഡൽഹി കാപിറ്റൽസ് (13), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (11), ലഖ്നോ സൂപ്പർ ജയന്റ്സ് (10) എന്നീ ടീമുകൾക്കാണ് പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നത്. ഇതിൽ കൊൽക്കത്തക്കും ലഖ്നൗവിനും വിദൂര സാധ്യത മാത്രമാണുള്ളത്. ശേഷിക്കുന്ന അഞ്ച് ടീമുകളിൽ മുംബൈ ഒഴികെയുള്ളവക്ക് മൂന്നു മത്സരം വീതം ശേഷിക്കുന്നുണ്ട്.
ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു രണ്ടാം സ്ഥാനത്തും പഞ്ചാബ് കിങ്സ് മൂന്നാം സ്ഥാനത്തുമുണ്ട്. മികച്ച താര നിരയുള്ള മുംബൈ ഇന്ത്യൻസും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.
Content Highlights: IPL 2025 restarts Today