'മാറി പോകൂ!'; എയർപോർട്ടില്‍ വീഡിയോ എടുത്ത ആരാധകനോട് മിച്ചല്‍ സ്റ്റാർക്ക്, വീഡിയോ വൈറല്‍

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്റ്റാർക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രം​ഗത്തെത്തുന്നുണ്ട്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് സ്റ്റാര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്റ്റാർക്കിനെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കവേ എയർപോർട്ടിൽ നിന്നുമുള്ള താരത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. വിമാനത്താവളത്തിൽ വെച്ച് മിച്ചൽ സ്റ്റാർക്കിന്റെ വീഡിയോ എടുക്കാൻ പോകുന്ന ആരാധകനോട് അദ്ദേഹം മോശമായി പെരുമാറുന്നതാണ് സോഷ്യൽ‌ മീഡിയയിൽ പ്രചരിക്കുന്നത്. “സുഹൃത്തുക്കളെ, ഐ‌പി‌എല്ലിലെ ഏറ്റവും മികച്ച കളിക്കാരൻ നമ്മുടെ മുന്നിലുണ്ട്, മിച്ചൽ സ്റ്റാർക്ക്”, എന്ന് വ്ലോഗർ ആയ ആരാധകൻ പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

Go away😭 pic.twitter.com/hqkyHzCEg4

വ്ലോഗർ തന്റെ അടുത്തേക്ക് വരുന്നതിൽ സ്റ്റാർക്ക് അസ്വസ്ഥനാവുകയും അദ്ദേഹത്തോട് ” മാറി പോകൂ” എന്നും പറയുന്നത് വീഡിയോയിൽ കാണാം. തന്റെ ബാഗുകളും കിറ്റും ഒരു ട്രോളിയില്‍ കയറ്റുന്നതിനിടയിലാണ് സ്റ്റാർക്ക് ആരാധകനോട് ദേഷ്യപ്പെടുന്നത്. സ്റ്റാര്‍ക്കിന് ചുറ്റും ഒരു ചെറിയ കൂട്ടം ആരാധകര്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

ഈ വീഡിയോ കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് എടുത്തതാകാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്റ്റാർക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രം​ഗത്തെത്തുന്നുണ്ട്. സ്റ്റാര്‍ക്കിന്റെ പ്രൈവസി ലംഘിച്ചതിന് വ്ളോഗറെ വിമര്‍ശിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ രംഗത്ത് വന്നിട്ടുണ്ട്. ആരാധകനോട് മോശമായി പെരുമാറിയതിന് ചില ആരാധകര്‍ സ്റ്റാര്‍ക്കിനെയും വിമര്‍ശിക്കുന്നുണ്ട്.

Content Highlights: Mitchell Starc Shouts At Indian Fan For Privacy Breach At Delhi Airport; Video Goes Viral

To advertise here,contact us