ഇന്ത്യന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഈയിടെ വിരമിച്ച വിരാട് കോഹ്ലിയും രോഹിത് ശർമയും ആർ അശ്വിനും വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെ. സോഷ്യൽ മീഡിയ കാലത്ത് വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുന്നത് എളുപ്പമാണെങ്കിലും കൂടി ആരാധകർക്കു മുന്നിൽ വിടചൊല്ലുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി.
‘‘ആദ്യം രോഹിത് ശർമ, പിന്നാലെ വിരാട് കോഹ്ലി.. രണ്ടു മികച്ച ക്രിക്കറ്റർമാരാണ് ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. ആരാധകർക്ക് മുന്നിൽ മൈതാനത്ത് ഒരു വിടവാങ്ങൽ തീർച്ചയായും ഇവർ അർഹിച്ചിരുന്നു. അശ്വിൻ വിരമിച്ചപ്പോഴും നമ്മൾ ഇക്കാര്യം ചർച്ച ചെയ്തിരുന്നു .ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇതെന്ന് എനിക്കു തോന്നുന്നു, ഇന്ത്യൻ ക്രിക്കറ്റിൽ ഇത് പതിവില്ലാത്തതാവാം, എന്നാൽ ഉടച്ചുവാർക്കേണ്ട സമയമായിരിക്കുന്നു, ഇക്കാര്യത്തിൽ ബിസിസിഐ വീഴ്ച വരുത്തി, കുംബ്ലെ കൂട്ടിച്ചേർത്തു.
അതേ സമയം ബോർഡർ ഗാവസ്കർ ട്രോഫിക്ക് ശേഷമാണ് ഈ മൂന്നുപേരും വിരമിച്ചത്. ഇതിന് മുമ്പും ഇന്ത്യൻ ക്രിക്കറ്റിൽ പലരും അപ്രതീക്ഷിതമായും അല്ലാതെയും വിരമിക്കാറുണ്ടെങ്കിലും മറ്റുള്ള ദേശീയ ടീമുകളെ പോലെ വിരമിക്കൽ മത്സരം ലഭിക്കാറില്ല.
Content Highlights: Virat, Rohit and Ashwin deserved farewell matches, BCCI should at least pay attention: Kumble