നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഏകദിന, ട്വന്റി20 ക്രിക്കറ്റ് ടീം പരിശീലകരെ നിയമിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്രിക്കറ്റ് ഓപറേഷൻ ഡയറക്ടറായും പഞ്ചാബ് കിങ്സിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുള്ള ന്യുസീലൻഡിന്റെ മൈക്ക് ഹെസനെയാണ് നിയമിച്ചത്. ഈമാസം 26ന് ഹെസൻ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അറിയിച്ചു.
താൽക്കാലിക പരിശീലകനായ ആഖിബ് ജാവേദ് ന്യൂസിലൻഡ് പര്യടനത്തിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെ സ്ഥാനം ഒഴിഞ്ഞിരുന്നു. വിവിധ ടീമുകളെ പരിശീലിപ്പച്ചതിനു ശേഷമാണ് 50കാരനായ ഹെസൻ പാകിസ്താൻ ടീമിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്. ഹെസനു കീഴിലാണ് ന്യുസീലൻഡ് 2015 ലോകകപ്പ് ഫൈനലിലെത്തുന്നത്.
നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ (പി.എസ്.എൽ) നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുനൈറ്റഡിന്റെ പരിശീലകനാണ്. ഈമാസം അവസാനം നാട്ടിൽ ബംഗ്ലാദേശിനെതിരെ അഞ്ചു ട്വന്റി20 മത്സരങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പി.എസ്.എൽ നീട്ടിവെച്ചതോടെ ഈ പരമ്പരയുടെ തീയതിയിലും മാറ്റമുണ്ടാകും. ഈ പരമ്പരയാകും ഹെസന്റെ ആദ്യ ദൗത്യം.
Content Highlights: The wait is over; Pakistan Cricket Board selects ODI-T20 team coach