ടീം ഉടമ പുരുഷനാണെങ്കില്‍ ഇങ്ങനെ ചോദിക്കുമോ?;മാക്‌സ്‌വെല്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രീതിയുടെ ചുട്ടമറുപടി

മാക്സ്‌വെല്ലിന്റെ ഫോമിനെ ചൊല്ലിയുള്ള ആരാധകന്റെ അനാവശ്യ പരാമര്‍ശത്തിന് ചുട്ടമറുപടി നൽകി പ്രീതി സിന്‍റ

മാക്സ്‌വെല്ലിന്റെ ഫോമിനെ ചൊല്ലിയുള്ള ആരാധകന്റെ അനാവശ്യ പരാമര്‍ശത്തിന് ചുട്ടമറുപടി നൽകി പ്രീതി സിന്‍റ. മോശം ഫോമിൽ തുടരുകയും ശേഷം പരിക്കുമൂലം പുറത്താകുകയും ചെയ്ത മാക്സ്‌വെല്ലിനെ ചൂണ്ടിക്കാട്ടി 'മാഡം, നിങ്ങള്‍ മാക്സ്‌വെല്ലിനെ വിവാഹം കഴിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ടീമിനായി മാക്സ്‌വെല്‍ മികച്ച പ്രകടനം നടത്തുമായിരുന്നു' എന്ന് ആരാധകന്‍ കമന്‍റ് ചെയ്തിരുന്നു. 'ഒരു പുരുഷ ടീം ഉടമയോട് നിങ്ങള്‍ ഇങ്ങനെ പ്രതികരിക്കുമോ?' എന്ന ചോദ്യത്തോടെയാണ് പ്രീതി സിന്‍റ ഇതിനോട് പ്രതികരിച്ചത്.

'നിങ്ങളുടെ ചോദ്യത്തിൽ തെളിഞ്ഞുനിൽക്കുന്നത് സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണ്. ക്രിക്കറ്റിലെത്തുന്നതുവരെ കോര്‍പറേറ്റ് ലോകത്ത് സ്ത്രീകള്‍ക്ക് വിജയിക്കാന്‍ ഇത്രയും ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങള്‍ തമാശയായി ചോദിച്ചതാണെന്ന് എനിക്കറിയാം. പക്ഷെ നിങ്ങള്‍ ചോദിച്ച ചോദ്യത്തിലെ പ്രശ്നം നിങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലാക്കണം കഠിനാധ്വാനം ചെയ്ത് തന്നെയാണ് കഴിഞ്ഞ 18 വര്‍ഷമായി ഞാനീ മേഖലയില്‍ പിടിച്ചു നില്‍ക്കുന്നത്.'പ്രീതി കുറിച്ചു.

അതേസമയം ഐപിഎല്ലില്‍ പ്ലേ ഓഫിലെക്ക് അടുത്തിരിക്കുകയാണ് പഞ്ചാബ് കിംഗ്സ്. മുന്‍ സീസണുകളിലെ നിരാശക്കുശേഷം ഇത്തവണ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ മിന്നുന്ന പ്രകടനം നടത്തിയ പഞ്ചാബ് 11 കളികളില്‍ 15 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍.

Content Highlights: Preity Zinta slams trolls linking her to Glenn Maxwell

To advertise here,contact us