ടെസ്റ്റ് ടീമിൽ നിന്ന് രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കാണാത്ത ഒരു ദശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യൻ ക്രിക്കറ്റിനെ ചുറ്റികറങ്ങിയിരുന്ന താരാധിപത്യം ഇല്ലാതായതോടെഇനിയുള്ളത് ഗംഭീർ യുഗമാണെന്നത് തീർച്ചയാണ്. സൂപ്പര്സ്റ്റാര് സംസ്കാരം ഇല്ലാതാകുമെന്ന് പറഞ്ഞ ഗംഭീറിന് തന്നെയാണ് അടുത്ത ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പൂർണ ഉത്തരവാദിത്തമെന്ന് ബിസിസിഐ പ്രഖ്യാപിച്ചതോടെ ഡ്രസ്സിങ് റൂമിലും ബിസിസിഐയുടെ മീറ്റിങ് റൂമിലും കൂടുതൽ ശക്തനായ ഒരു പരിശീലകനെയാകും ഗംഭീറിലൂടെ ഇനി കാണാനാകുക.
എക്കാലത്തും ഇന്ത്യൻ ക്രിക്കറ്റിന്റെ അവസാന വാക്ക് ടീം ക്യാപ്റ്റനായിരുന്നു. സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവർ നായകരായിരുന്നപ്പോൾ ടീമിലെ തീരുമാനങ്ങൾ എടുത്തിരുന്നത് ഇവർ വഴിയാണ്. നായകരുമായി ഇടഞ്ഞ ബിഷൻ സിങ് ബേദി, ഗ്രെഗ് ചാപ്പൽ, അനിൽ കുംബ്ലെ തുടങ്ങിയവർക്ക് ഇന്ത്യൻ പരിശീലക സ്ഥാനത്ത് പിടിച്ചുനിൽക്കാനായില്ല. ടീമിലെ ക്യാപ്റ്റന്മാരുമായി നല്ല ബന്ധം പുലർത്തിയ ജോൺ റൈറ്റ്, ഗാരി കിർസ്റ്റൻ, രവി ശാസ്ത്രി, രാഹുൽ ദ്രാവിഡ് തുടങ്ങിയവർ വിജയകരമായി പരിശീലന കാലയളവ് പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ ഇവിടെയാണ് ഗംഭീർ വ്യത്യസ്തനാകുന്നത്. ടീമിലെ സീനിയോറിറ്റികളോടും ബ്രാൻഡുകളോടും കലഹിച്ച് ശുദ്ധികലശം നടത്തിയാണ് ഗംഭീർ മുന്നേറുന്നത്. ടീമിലെ സൂപ്പർതാര സംസ്കാരം ഇല്ലാതാക്കുമെന്നത് ഗംഭീർ നേരത്തെ എടുത്ത പ്രഖ്യാപിത നിലപാടാണ്. രോഹിത്, കോഹ്ലി എന്നിവരുടെ അപ്രതീക്ഷിത വിരമിക്കൽ ഇതിന്റെ ഭാഗമെന്ന് വേണം കരുതാൻ. ഇരുവരും പടിയിറങ്ങിയതോടെ ഇതുവരെ ഒരു പരിശീലകനും കൈവന്നിട്ടില്ലാത്ത സ്വാധീനവും അധികാരവും ടീമില് ഗംഭീറിന് ലഭിക്കും. അതായത് ടീമിലെ അവസാനവാക്കായി മാറുമെന്നര്ഥം.
അവിടെ പ്രതിസന്ധിയാകുക രോഹിതിനും വിരാടിനും പകരക്കാരെ കണ്ടെത്തുക എന്നതാകും. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ തലപ്പൊക്കമുള്ള രണ്ടുപേർ ഒരുമിച്ചിറങ്ങിയ ചരിത്രമില്ല. പകരക്കാർക്ക് വഴിയൊരുക്കിയാണ് പലരും പടിയിറങ്ങിയിട്ടുള്ളത്. എന്നാൽ ഇരുവരും ടീമിലുള്ള ബോർഡർ ഗാവസ്കർ ട്രോഫിയിലും ന്യൂസിലാൻഡിനെതിരെയുള്ള ഹോം പരമ്പരയിലും തോറ്റപ്പോഴും പുതിയ ടി 20 ടീമിനെ വെച്ച് തുടർ വിജയങ്ങൾ നേടാനായത് ഗംഭീറിന് ആത്മവിശ്വാസമാകും.
Content Highlights: Gautam Gambhir coaching era in indian cricket after kolhi and rohit sharma retirement